ദേശീയപാതയോരത്ത് നഗരസഭയുടെ നേന്ത്രവാഴക്ക് നൂറുമേനി

നീലേശ്വരം: നാട്ടിന്‍പുറങ്ങളില്‍ വയലുകളില്‍ മാത്രമല്ല, നഗരത്തിലും തരിശായിക്കിടന്ന സ്ഥലത്ത് മരുപ്പച്ച തീര്‍ത്ത് നഗരസഭ. ദേശീയപാതയില്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ റോഡരികിലാണ് നേന്ത്രവാഴ തോട്ടം വിളഞ്ഞ് നില്‍ക്കുന്നത്. കുലച്ചുനില്‍ക്കുന്ന നേന്ത്രവാഴത്തോട്ടം ദേശീയപാതയില്‍ കടന്നുപോകുന്നവര്‍ക്ക് കണ്ണിന് കൗതുകമുള്ള കാഴ്ചയാണ്. 100ഓളം വാഴകള്‍ കുലച്ച് വിളവെടുപ്പിന് തയാറായിട്ടുണ്ട്. മുമ്പ് മാലിന്യം തള്ളിയ സ്ഥലം നഗരസഭാ അധികൃതര്‍ മണ്ണിട്ട് നികത്തിയാണ് നേന്ത്രവാഴ കൃഷി ഒരുക്കിയത്. നഗരസഭാ ശുചീകരണ തൊഴിലാളികളുടെ പരിപാലനമാണ് നൂറുമേനി വിളയാന്‍ കാരണം. ലോറികളില്‍ വെള്ളം കൊണ്ടുവന്നാണ് കത്തുന്ന വെയിലിലും തൊഴിലാളികള്‍ വാഴ നനക്കുന്നത്. നഗരസഭയുടെ ജൈവ നഗര പദ്ധതിയും ഇവിടെയാണ്. നേന്ത്രവാഴക്ക് പുറമെ കപ്പ, മുരിങ്ങ എന്നീ കൃഷിയും ചെയ്യുന്നുണ്ട്. വേലി കെട്ടി സംരക്ഷിച്ചാണ് വാഴത്തോട്ടം പരിപാലിക്കുന്നത്. ജൈവ വളം മാത്രം ഉപയോഗിച്ചുള്ള കൃഷിയാണ് നടത്തിയത്. മേയ് 25 മുതല്‍ നടക്കുന്ന നഗരസഭയുടെ ജൈവോത്സവത്തില്‍ നേന്ത്രവാഴ വില്‍പന നടത്തും. തമ്പാന്‍, കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ശുചീകരണത്തൊഴിലാളികളാണ് നേന്ത്രവാഴ കൃഷിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT