കൊടുംചൂടില്‍ കാഞ്ഞങ്ങാട് വെന്തുരുകുന്നു

കാഞ്ഞങ്ങാട്: റോഡ് വികസനത്തിന്‍െറ പേരില്‍ തണല്‍ മരങ്ങള്‍ക്ക് കൂട്ടക്കുരുതി വിധിച്ച കാഞ്ഞങ്ങാട് നഗരം കൊടുംചൂടില്‍ വെന്തുരുകുന്നു. നഗരത്തിലത്തെുന്നവരും നഗരവാസികളും പച്ചിലത്തണല്‍ പോലും കിട്ടാനില്ലാതെ തീവെയിലേറ്റ് ഉരുകുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മറ്റിടങ്ങളിലും കൂടുതലാണെങ്കിലും നഗരത്തില്‍ ചൂട് അസഹനീയമാണെന്ന് ഓട്ടോ തൊഴിലാളികളും വ്യാപാരികളും പറയുന്നു. 34 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു വ്യാഴാഴ്ച കാഞ്ഞങ്ങാട്ടെ പകല്‍ താപനില. രാത്രിയിലെ ചൂട് 28 ഡിഗ്രി കവിഞ്ഞു. അന്തരീക്ഷ ഈര്‍പ്പത്തിന്‍െറ തോത് 60 ശതമാനമായി. പകല്‍ മുഴുവന്‍ ഉഷ്ണക്കാറ്റാണ് വീശുന്നത്. ഓട്ടോ തൊഴിലാളികള്‍ പോലും പകല്‍നേരത്ത് സര്‍വിസ് നടത്താന്‍ പ്രയാസപ്പെടുന്നു. ഓട്ടോ സ്റ്റാന്‍ഡുകളില്‍ പന്തല്‍ വലിച്ചുകെട്ടിയാണ് തൊഴിലാളികള്‍ വെയിലിനെ നേരിടുന്നത്. വെയിലേറ്റ് ആളുകള്‍ തളര്‍ന്നുവീഴുന്ന അനുഭവവും ഉണ്ടായി. പൊതുജനങ്ങള്‍ നഗരത്തിലിറങ്ങാന്‍ മടിക്കുകയാണ്. ഇത് വിഷു വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലിറങ്ങുന്ന ആളുകളുടെ എണ്ണം കുറഞ്ഞുവെന്നും കച്ചവടം വളരെ മോശമാണെന്നും കോട്ടച്ചേരിയിലെ വസ്ത്ര വ്യാപാരി സി. നാരായണന്‍ പറഞ്ഞു. അത്യാവശ്യക്കാര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള കടകളില്‍ ഓടിക്കയറി സാധനങ്ങള്‍ വാങ്ങി സ്ഥലം വിടുകയാണ്. കെ.എസ്.ടി.പി നടപ്പാക്കുന്ന കാഞ്ഞങ്ങാട്-കാസര്‍കോട് തീരദേശപാത വികസനത്തിന്‍െറ ഭാഗമായാണ് റോഡിന്‍െറ ഇരുവശത്തുമുള്ള തണല്‍മരങ്ങള്‍ മുറിച്ചുനീക്കിയത്. ബേക്കല്‍ മുതല്‍ കാഞ്ഞങ്ങാട് സൗത് ജങ്ഷന്‍ വരെ 84 മരങ്ങള്‍ മുറിച്ചതായാണ് ഒൗദ്യോഗിക കണക്ക്. ഇതില്‍ 54 മരങ്ങള്‍ നോര്‍ത് കോട്ടച്ചേരി ഇഖ്ബാല്‍ ജങ്ഷനും കാഞ്ഞങ്ങാട് സൗത് ജങ്ഷനും ഇടയിലുള്ളവയായിരുന്നു. വ്യാപാരികളുടെയും മറ്റും താല്‍പര്യങ്ങള്‍ക്കുവേണ്ടി നിശ്ചിത അകലത്തിനപ്പുറമുള്ള കണക്കിലധികം മരങ്ങള്‍ അറുത്തു നീക്കിയിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. നഗരത്തിലെ ചില വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലുണ്ടായിരുന്ന തണല്‍ മരങ്ങളുടെ കടക്കലാണ് ആദ്യം യന്ത്രക്കോടാലിവെച്ചത്. ആരുടെയും എതിര്‍പ്പുണ്ടായില്ല. നേരത്തെ തണല്‍ മരങ്ങളുടെ ചില്ല വെട്ടിയപ്പോള്‍ പോലും പ്രതിഷേധിച്ച പരിസ്ഥിതി സംഘടനകളും ശബ്ദമുയര്‍ത്തിയില്ല. എന്നാല്‍, കെ.എസ്.ടി.പിയുടെ പുതുക്കിയ പദ്ധതി പ്രകാരം റോഡ് നവീകരണത്തിന് ഇത്രയേറെ മരങ്ങള്‍ മുറിക്കേണ്ടതില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.