കാഞ്ഞങ്ങാട്ട്് കോണ്‍ഗ്രസ് സ്വതന്ത്രന് പിന്നാലെ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സ്വതന്ത്രനെ പരീക്ഷിക്കാന്‍ വീണ്ടും കോണ്‍ഗ്രസ് അണിയറയില്‍ സമ്മര്‍ദം. നിലവില്‍ പരിഗണനക്കുവന്ന പേരുകളൊന്നും മത്സരിപ്പിക്കാന്‍ കൊള്ളുന്നതല്ളെന്ന വിലയിരുത്തലാണ് പ്രാദേശിക ഘടകങ്ങള്‍ക്കുള്ളത്. പൗരപ്രമുഖനും മുന്‍ എം.എല്‍.എ എം.കെ. നമ്പ്യാരുടെ മകനുമായ കെ. വേണുഗോപാലന്‍ നമ്പ്യാരെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കണമെന്ന് ബ്ളോക് കമ്മിറ്റികള്‍ അഭിപ്രായപ്പെടുന്നുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തിന്‍െറ പരിധിയില്‍വരുന്ന ബളാല്‍, കാഞ്ഞങ്ങാട് ബ്ളോക് കമ്മിറ്റികള്‍ ഇതുസംബന്ധിച്ച അഭിപ്രായം രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവരെ രേഖാമൂലം അറിയിച്ചു. കാഞ്ഞങ്ങാട് ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി.വി. ബാലകൃഷ്ണന്‍, ബളാല്‍ ബ്ളോക് പ്രസിഡന്‍റ് ബാബു കദളിമറ്റം എന്നിവര്‍ കൂടിയാലോചന നടത്തിയ ശേഷമാണ് നേതൃത്വത്തിന് കത്തയച്ചത്. ബളാല്‍ ബ്ളോക്കില്‍ മാത്രം പാര്‍ട്ടിയിലെ മൂന്നുപേര്‍ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പരസ്പരം മത്സരിക്കുകയും ഹൈകമാന്‍ഡ് ഇവരെ തള്ളുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുതിയ ഒരാളെ നിര്‍ദേശിക്കാനോ പിന്തുണക്കാനോ തയാറല്ളെന്നും സ്വതന്ത്രനെ നിയോഗിച്ചാല്‍ അനുകൂലിക്കാമെന്നുമാണ് ഇവരുടെ നിലപാട്. ഒടുവില്‍ നേതാവിന്‍െറ മകളെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍നിന്ന് ഹൈകമാന്‍ഡ് പിന്മാറിയത് ബ്ളോക് നേതാക്കളടക്കമുള്ളവരുടെ എതിര്‍പ്പ് കാരണമായിരുന്നു. നേരത്തേ വേണുഗോപാലന്‍ നമ്പ്യാരുടെ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും അദ്ദേഹം കൈപ്പത്തി ചിഹ്നം സ്വീകരിക്കാന്‍ താല്‍പര്യം കാട്ടാത്തതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയാറല്ലാത്ത സ്ഥാനാര്‍ഥി വേണ്ടെന്ന നിലപാടാണ് കെ.പി.സി.സി സ്വീകരിച്ചത്. എന്നാല്‍, ചിഹ്നത്തില്‍ മുറുകെപിടിച്ചിരിക്കുന്നത് ബുദ്ധിയല്ളെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ നിലവിലെ എം.എല്‍.എ ഇ . ചന്ദ്രശേഖരനോട് മത്സരിക്കാന്‍ പൊതുസമ്മത സ്വതന്ത്രനാണ് വേണ്ടതെന്നും ബ്ളോക് കമ്മിറ്റികള്‍ അഭിപ്രായപ്പെടുന്നു. കാഞ്ഞങ്ങാടിന്‍െറ പഴയരൂപമായ ഹോസ്ദുര്‍ഗ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനുവേണ്ടി സ്വതന്ത്രനെ പാര്‍ട്ടി ചിഹ്നമില്ലാതെ മത്സരിപ്പിച്ച ചരിത്രമുണ്ടെന്നാണ് ഇവരുടെ വാദം. നിലവിലെ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയല്ളെങ്കില്‍ യു.ഡി.എഫ് മത്സരിച്ചാല്‍ കിട്ടാവുന്ന സീറ്റല്ല ഇത്. സ്വതന്ത്രനെ നിര്‍ത്തിയാല്‍ ബി.ജെ.പി -സി.പി.എം വോട്ടുകള്‍കൂടി ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ പ്രബല വോട്ട് ബാങ്കായ നായര്‍ സമുദായത്തില്‍പെട്ടയാളെന്ന പ്രത്യേകതയും കാണുന്നു. ഇക്കാര്യങ്ങള്‍ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായി നേതാക്കള്‍ വെളിപ്പെടുത്തി. നേരത്തേ, ജനതാദള്‍ നോമിനിയായി കാഞ്ഞങ്ങാട് നഗര സഭ ചെയര്‍മാന്‍ സ്ഥാനം വഹിച്ചയാളാണ് കെ. വേണുഗോപാലന്‍ നമ്പ്യാര്‍. അതേസമയം, പാര്‍ട്ടിയില്‍ അര്‍ഹതപ്പെട്ടവരുണ്ടായിരിക്കെ പുറത്തുനിന്നൊരാളെ കൊണ്ടുവരുന്നതിനോട് നേതാക്കളില്‍ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.