പുതിയ കെട്ടിടം പണി തുടങ്ങിയില്ല; ബസ് സര്‍വിസും മുടങ്ങി

ബദിയടുക്ക: എന്‍മകജെയിലെ ബഡ്സ് സ്കൂള്‍ പുതിയ കെട്ടിടത്തിന് ടെന്‍ഡര്‍ വിളിച്ചിട്ടും പ്രവൃത്തി തുടങ്ങിയില്ല. പെര്‍ള ചെക്പോസറ്റിന് സമീപത്തെ കന്നട്ടിക്കാനത്ത് ഉപയോഗശൂന്യമായ കൃഷിഭവന് കുറുകെ ഷീറ്റുകൊണ്ട് മേല്‍ക്കൂര ഉണ്ടാക്കി 2011 മാര്‍ച്ച് ഒന്നിനാണ് ബഡ്സ് സ്കൂള്‍ തുടങ്ങിയത്. 52 കുട്ടികള്‍ ഇപ്പോള്‍ പഠിച്ച് വരുന്നു. എന്‍ഡോസല്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ഒരുകോടി 40 ലക്ഷം രൂപ പദ്ധതി വകയിരുത്തി പുതിയ കെട്ടിടം പണിയാന്‍ ടെന്‍ഡര്‍ വിളിച്ചത്. കെട്ടിടത്തിനുള്ള സ്ഥലസൗകര്യം ഗ്രാമപഞ്ചായത്താണ് ഒരുക്കിയത്. എന്നാല്‍, ഇതിനോടൊപ്പം ടെന്‍ഡര്‍ വിളിച്ച മറ്റു പഞ്ചായത്തിലെ ബഡ്സ് സ്കൂള്‍ കെട്ടിടം പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറ്റവും കൂടുതലുള്ള എന്‍മകജെയില്‍ തുടങ്ങാനാവാത്തത് ഈ പദ്ധതി ഇല്ലാതാകുമോ എന്ന ആശങ്കയുണ്ടാക്കുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യമായ ഇടപെടല്‍ നടത്തിയില്ളെന്നും ആക്ഷേപമുണ്ട്. അതേസമയം, സ്കൂള്‍ കുട്ടികളെ എത്തിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ബസ് കേടായി മൂന്ന് മാസം പിന്നിട്ടു. പൂര്‍ണ ആരോഗ്യമില്ലാത്ത കുട്ടികളെ ഓട്ടോയില്‍ കയറ്റിയാണ് സ്കൂളിലേക്ക് എത്തിക്കുന്നത്. കൂടുതല്‍ കുട്ടികളെ കയറ്റുന്നതിനാല്‍ അസ്വസ്ഥത ഉണ്ടാക്കുന്നെന്ന് രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്. അതേസമയം, ചെക്പോസ്റ്റ് സമീപത്ത് സ്ഥലസൗകര്യവും തടസ്സം നില്‍ക്കുന്ന വൈദ്യുതി ലൈനും മാറ്റാനുള്ള നടപടി സ്വീകരിച്ചതായും ചില സാങ്കേതിക പ്രശ്നമാണ് ടെന്‍ഡര്‍ നീങ്ങിപ്പോകാന്‍ കാരണമായതെന്നും കേടായ ബസ് ഉടനെ സര്‍വിസ് തുടങ്ങുമെന്നും ഭരണസമിതിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.