കാസര്‍കോട്: സര്‍വശിക്ഷ അഭിയാന് ഈ വര്‍ഷം അനുവദിച്ച 24.58 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ മോണിറ്ററിങ് ആന്‍ഡ് ഇംപ്ളിമെന്‍േറഷന്‍ സമിതി അംഗീകാരം നല്‍കി. ജില്ലയിലെ ഗവണ്‍മെന്‍റ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ പെണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും രണ്ട് ജോടി സൗജന്യ യൂനിഫോം നല്‍കുന്നതിന് രണ്ട് കോടി 41 ലക്ഷം രൂപയും മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിന് രണ്ട് കോടി 10 ലക്ഷം രൂപയും അനുവദിച്ചു. അവധിക്കാല അധ്യാപക പരിശീലനത്തിനും ക്ളസ്റ്റര്‍ പരിശീലനത്തിനുമായി 77.64 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ബി.ആര്‍.സിയിലെയും സി.ആര്‍.സിയിലെയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി 97 ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന രീതിയില്‍ 150ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍.പി സ്കൂളിലും 100ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പി സ്കൂളിലും ഓരോ അധ്യാപകരെ അധികം നിയമിക്കും. യു.പി സ്കൂളുകളില്‍ മൂന്ന് പാര്‍ട്ട് ടൈം അധ്യാപകരെ കൂടി നിയമിക്കും. ഇതിനായി അധ്യാപകരുടെ ശമ്പളയിനത്തില്‍ 11 കോടി 78 ലക്ഷം രൂപ അനുവദിച്ചു.സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അധ്യാപകര്‍ക്ക് പഠനസാമഗ്രികള്‍ തയാറാക്കുന്നതിനും എസ്.എസ്.എ ഗ്രാന്‍റ് നല്‍കും. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളിലുള്ള അധ്യാപകര്‍ക്ക് ഒരാള്‍ക്ക് 500 രൂപ നിരക്കില്‍ 13.73 ലക്ഷം രൂപയാണ് ഇതിനായി നല്‍കുന്നത്. സ്കൂളുകള്‍ക്ക് മെയിന്‍റനന്‍സ് ഗ്രാന്‍റ് ഇനത്തില്‍ 40.59 ലക്ഷം പദ്ധതിയിലുണ്ട്. ജില്ലയിലെ രണ്ട് ഗവ. യു.പി. സ്കൂളുകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും. എ.സി.കെ.എന്‍.എസ് യു.പി.എസ് മേലാങ്കോട്ട്, കാഞ്ഞങ്ങാട്, ഗവ. യു.പി സ്കൂള്‍ കാസര്‍കോട് എന്നീ വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനായി 4.21 ലക്ഷം രൂപ അനുവദിച്ചു. പ്രത്യേകാവകാശമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 81 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.പഠന പരിപോഷണ പരിപാടികള്‍ക്കായി 15.84 ലക്ഷം സ്കൂള്‍ മോണിറ്ററിങ് സമിതി അംഗങ്ങളുടെയും പി.ടി.എയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും പരിശീലനത്തിനായി 18 ലക്ഷം, വിദ്യാലയങ്ങളില്‍ നൂതന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടത്തുന്നതിന് 20.24 ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്കൂളില്‍ പ്രവേശം നേടാത്ത കുട്ടികളെ പ്രവേശിപ്പിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതിന് 2.39 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് എസ്.എസ്.എയുടെ ലക്ഷ്യം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷാ നടത്തിപ്പിനുമായി 2.89 ലക്ഷം ചെലവഴിക്കും. 2014-15 വര്‍ഷം നടപ്പാക്കിയ ഫോക്കസ് പദ്ധതി വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. പൊതുവിദ്യാലയങ്ങളില്‍ പ്രവേശം വര്‍ധിപ്പിക്കാനും അനാദായകരമായ വിദ്യാലയങ്ങളെ ആദായകരമാക്കാനും തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാലയങ്ങളില്‍ നടപ്പാക്കിയ പദ്ധതിയാണ് ഫോക്കസ്. 23 വിദ്യാലയങ്ങളാണ് ഈ പ്രവര്‍ത്തനത്തിലൂടെ ആദായകരമായിത്തീര്‍ന്നത്. സമിതി ചെയര്‍മാനായ പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി, വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ്, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ഡി.ഡി.ഇ സൗമിനി കല്ലത്ത്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. എം. ബാലന്‍, പ്രോഗ്രാം ഓഫിസര്‍മാരായ യതീഷ്കുമാര്‍ റായ്, ബി. ഇബ്രാഹിം, അയൂബ്ഖാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.