തപാല്‍ വകുപ്പിലെ കന്നട ഭാഷാ ജീവനക്കാരോടുള്ള അവഗണനക്കെതിരെ പ്രക്ഷോഭം

കാസര്‍കോട്: തപാല്‍ വകുപ്പിലെ കന്നട ഭാഷാ വിഭാഗം ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്മെന്‍റല്‍ പരീക്ഷ കന്നട ഭാഷയില്‍ എഴുതുന്നതിനുള്ള അവകാശം നിഷേധിച്ചതിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 വര്‍ഷമായി കന്നട ഭാഷയില്‍ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം കാസര്‍കോട് ജില്ലയിലെ കന്നട മാതൃഭാഷയായിട്ടുള്ള ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നു. 2014 മുതല്‍ ഇത് നിഷേധിച്ചു ഡിപ്പാര്‍ട്മെന്‍റ് ഉത്തരവിറക്കി. ഏറ്റവും താഴേക്കിടയിലുള്ള ജി.ഡി.എസ്/എം.ടി.എസ് ജീവനക്കാര്‍ക്ക് ഭാവിയില്‍ ഡിപ്പാര്‍ട്മെന്‍റ് പരീക്ഷ എഴുതുന്നതിനും പ്രമോഷന്‍ ലഭിക്കുന്നതിനുമുള്ള സൗകര്യം ഇതുമൂലം പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 2014 വര്‍ഷത്തെ പരീക്ഷയില്‍ കന്നട ഭാഷാ ജീവനക്കാര്‍ പൂര്‍ണമായും തഴയപ്പെട്ടു. 2015ന്‍െറ പരീക്ഷ ഒക്ടോബര്‍ മാസത്തില്‍ നടക്കും.ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29ന് കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. വൈകീട്ട് നാലിന് ചന്ദ്രഗിരി ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഹെഡ് പോസ്റ്റ്ഓഫിസ് പരിസരത്ത് പോസ്റ്റല്‍ സൂപ്രണ്ട് ഓഫിസില്‍ സമാപിച്ച് പ്രതിഷേധ യോഗം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.എഫ്.പി.ഇ കണ്‍വീനര്‍ എം. കൃഷ്ണന്‍, സംസ്ഥാന കണ്‍വീനര്‍ പി.വി. രാജേന്ദ്രന്‍, കെ.പി. പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.