എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് താങ്ങായി ചെങ്ങന്നൂര്‍ കോളജ് വിദ്യാര്‍ഥികള്‍

കാസര്‍കോട്: ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ മാറ്റ് വര്‍ധിപ്പിച്ച് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കൈത്താങ്ങ്. ജൂബിലി കേവലം കൊട്ടിഘോഷങ്ങളില്‍ മാത്രമൊതുക്കാതെ ജീവകാരുണ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഇടം നല്‍കിയാണ് മാതൃകയായത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിവിധ പരിപാടികള്‍ക്കായി ഒരു ലക്ഷം രൂപയുടെ സഹായമാണ് കൈമാറിയത്. എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയ്ഡ് ഗ്രൂപ് (എന്‍വിസാജ്) സഹജീവനം ബദല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ സഹകരണത്തോടെ കോളജ് അധികൃതര്‍ പ്രസ്ക്ളബില്‍ നടത്തിയ ചടങ്ങില്‍ തുക കൈമാറി. മത്സ്യ സമ്പത്തിനെ ബാധിക്കുന്ന കീടനാശിനി പ്രയോഗത്തെക്കുറിച്ച് പഠനം നടത്തിയ ഡോ. അഭിലാഷിന്‍െറ നേതൃത്വത്തിലാണ് സംഘം എത്തിയത്. എന്‍ഡോസള്‍ഫാന്‍ സമരപോരാളി കെ.എസ്. അബ്ദുല്ലയുടെ കുടുംബത്തിന് 10,000 രൂപ, എന്‍മകജെയിലെ നളിനാക്ഷി, കാറടുക്കയിലെ മുബീന, പെരിയ തന്നിത്തോട്ടെ ആനന്ദ്, കള്ളാറിലെ ഷെബിന്‍, കയ്യൂരിലെ രാജേഷ്, ബോവിക്കാനത്തെ ഷറഫുന്നിസ, മാര്‍ത്തോമ്മ കോളജിലെ അബ്ദുറഹിമാന്‍ എന്നിവര്‍ക്ക് 10,000 രൂപ വീതം സ്കോളര്‍ഷിപ്, ബെള്ളൂറടുക്കയിലെ 36 സെന്‍റ് സ്ഥലത്ത് ജൈവ കൃഷിക്ക് 10,000, ഒപ്പുമരം പുസ്തകത്തിലേക്ക് 10,000 എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, മാനേജ്മെന്‍റ് എന്നിവ ചേര്‍ന്നാണ് തുക സമാഹരിച്ചതെന്ന് ഡോ. രാജന്‍ ഡേവിഡ് അറിയിച്ചു. പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ ഡോ. രാജന്‍ ഡേവിഡ് ചെക്കുകള്‍ കൈമാറി. എന്‍വിസാജ് സംഘാടകരായ ജി.ബി. വത്സന്‍ മാസ്റ്റര്‍ ആമുഖ ഭാഷണം നടത്തി. ഹസന്‍ മാങ്ങാട്, ശരണ്‍ എന്നിവര്‍ സംബന്ധിച്ചു. എം.എ. റഹ്മാന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.