കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാല കേരളയുടെ പഠന വിഭാഗത്തിന്‍െറ ശിലാസ്ഥാപന ചടങ്ങിലേക്ക് രാഷ്ട്രീയക്കാരുടെ പ്രതിനിധിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനെ ക്ഷണിച്ചതിനെതിരെ ജില്ലയിലെ എം.എല്‍.എമാര്‍ രംഗത്ത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്‍െറ ജില്ലയിലെ ചടങ്ങില്‍നിന്ന് ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കിയത് പൊറുക്കാനാവാത്ത അപരാധമാണെന്ന് എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിലെ നാഴികക്കല്ളെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥാപനമാണ് പെരിയയിലെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് കേരള. ഈ സ്ഥാപനത്തില്‍ എട്ട് അക്കാദമിക് ബ്ളോക്കുകളുടെ ശിലാസ്ഥാപനം നാളെ നടക്കുന്നുവെന്ന വിവരം സന്തോഷം നല്‍കുന്നു. പക്ഷേ, കാസര്‍കോട്ടെ ഓരോ പൗരനും ജാതി മത വര്‍ഗ ഭേദമന്യേ ആഹ്ളാദിക്കുന്ന ശിലാസ്ഥാപന മുഹൂര്‍ത്തത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് കേരളത്തിന്‍െറ പ്രത്യേകിച്ച്, ജില്ലയുടെ ഭാവി ചരിത്രത്തില്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി. ഗോപകുമാറിന് നല്‍കിയ കത്തില്‍ എം.എല്‍.എമാര്‍ പറഞ്ഞു. ജില്ലയിലെ ജനപ്രതിനിധികളായ നാലുപേരെ മാറ്റിനിര്‍ത്തി തയാറാക്കിയ ക്ഷണപത്രികയില്‍ കേരള നിയമസഭയില്‍ പ്രാതിനിധ്യം പോലുമില്ലാത്ത ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍െറ പേര് ചേര്‍ത്തിരിക്കുന്നു. ഒരു സര്‍വകലാശാലയില്‍ ഒരിക്കലും ഉണ്ടായിക്കൂടാത്ത സങ്കുചിത താല്‍പര്യമായി തങ്ങള്‍ ഇതിനെ കാണുന്നുവെന്ന് എം.എല്‍.എമാര്‍ കത്തില്‍ വ്യക്തമാക്കി. വി.സി ഇത്തരം താല്‍പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ശരിയല്ല. ജില്ലയിലെ ജനങ്ങളെയും ജനപ്രതിനിധികളെയും അപമാനിക്കുന്ന തരത്തില്‍ വിതരണം ചെയ്ത ക്ഷണക്കത്ത് പിന്‍വലിച്ച് മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളാന്‍ തയാറാകണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.