കണ്ണൂർ: ക്ഷമയുടെ അതിർവരമ്പ് കഴിഞ്ഞതോടെ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ പ്രതിഷേധവുമായി ജനങ്ങളിറങ്ങി. പെ ാട്ടിപ്പൊളിഞ്ഞ തോട്ടട-കുറ്റിക്കകം മുനമ്പ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ കണ്ണൂർ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിക്കാനെത്തിയത്. റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിന് 2017ലാണ് കരാറുകാരന് ടെൻഡർ നൽകിയത്. എന്നാൽ, കരാറുകാരൻെറയും ഉദ്യോഗസ്ഥരുടെയും തികഞ്ഞ അനാസ്ഥയാണ് ദിവസവും നിരവധി വാഹനങ്ങളും ജനങ്ങളും സഞ്ചരിക്കുന്ന റോഡിനെ ദുഃസ്ഥിതിയിലാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. അഞ്ചു കോടി രൂപ അടങ്കൽ തുകയുള്ള റോഡ് നാലു കോടി രൂപക്കാണ് കരാറുകാരന് നൽകിയതെന്നും നാട്ടുകാർ വ്യക്തമാക്കി. 2.38 കി. മീറ്റർ ദൂരം പണി തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. അതിനിടെ കണ്ണൂർ കോർപറേഷൻെറ അമൃതം പദ്ധതിയുടെ ഭാഗമായി കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ കുഴിയെടുക്കുകയും ചെയ്തു. പൈപ്പിട്ട ശേഷം കുഴി മണ്ണിട്ടുമൂടി. എന്നാൽ, മഴയിൽ കുഴിയിലിട്ട മണ്ണ് ഒലിച്ചുപോയി വീണ്ടും കുഴിയായി. ഇതോടെ ജനങ്ങളുടെ യാത്രാ ദുരിതവും രൂക്ഷമായി. കുഴിയെടുക്കുന്നതിനായി രണ്ടു കോടിയിലേറെ രൂപ പി.ഡബ്ല്യൂ.ഡിക്ക് കൈമാറിയതായും ജനങ്ങൾ പറയുന്നു. രണ്ടര വർഷം മുമ്പ് മന്ത്രി ജി. സുധാകരനും തുറമുഖം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ചേർന്ന് കൊട്ടിഘോഷിച്ചാണ് റോഡിൻെറ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഒരുവർഷം മുമ്പ് അമൃതം പദ്ധതിയിൽ പൈപ്പിടാൻ റോഡിൽ കുഴിയെടുത്തതിന് ശേഷം റോഡിൽ ഒരു പ്രവൃത്തിയും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഏഴര ഡിവിഷൻ കൗൺസിലർ എം.പി. മുഹമ്മദലിയുടെ നേതൃത്വത്തിലാണ് ആക്ഷൻ കമ്മിറ്റി കണ്ണൂർ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചത്. നവംബർ 20നകം റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് എൻജിനീയർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. വിവിധ പാർട്ടി നേതാക്കളും ഉപരോധത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.