KNR നഷ്​​ടമായത് റീട്ടെയിൽ ശൃംഖലയിലെ അമരക്കാരനെ

സൗമ്യ വ്യക്തിത്വത്തിനുടമയായ അബ്ദുറഹ്മാൻ ഹാജി ബംഗളൂരു മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു ബംഗളൂരു: ബംഗ ളൂരുവിലെ ചില്ലറ വ്യാപാര രംഗത്ത് ആധിപത്യം സ്ഥാപിക്കുകയും പിന്നീട് ഒരുപാട് മലയാളികൾ ഈ മേഖലയിലേക്ക് എത്താനും പ്രചോദനമായ വ്യക്തിയാണ് അന്തരിച്ച എം.കെ റീട്ടെയിൽസ് ആൻഡ് സൂപ്പർമാർക്കറ്റ് ചെയർമാൻ കെ.പി. അബ്ദുറഹ്മാൻ ഹാജി. പിതാവ് എം.കെ. അഹമ്മദ് സഞ്ചരിച്ച വഴികളിലൂടെ മകൻ അബ്ദുറഹ്മാനും സഞ്ചരിച്ച് ബംഗളൂരുവിലെ അറിയപ്പെടുന്ന റീട്ടെയിൽ ശൃംഖല സ്ഥാപിക്കുകയായിരുന്നു. 1930കളിലാണ് കണ്ണൂർ ചാല സ്വദേശി എം.കെ. അഹമ്മദ് ബംഗളൂരുവിലെത്തി എം.കെ. അഹമ്മദ് ആൻഡ് സൺസ് എന്ന പേരിൽ ചില്ലറ വ്യാപാരം ആരംഭിക്കുന്നത്. പിന്നീട് 25 വർഷം മുമ്പാണ് പിതാവിൻെറ കാലശേഷം അബ്ദുറഹ്മാൻ എം.കെ റീട്ടെയിൽ ആൻഡ് സൂപ്പർ മാർക്കറ്റ് ബംഗളൂരുവിൽ ആരംഭിക്കുന്നത്. ബംഗളൂരു നഗരത്തിൽ മാത്രം നിരവധി സൂപ്പർമാർക്കറ്റുകളാണ് എം.കെ ഗ്രൂപ്പിനുള്ളത്. ഗുണമേന്മയുള്ള സാധനങ്ങള്‍ ന്യായമായ വിലക്ക് ലഭ്യമാക്കി എം.കെ റീട്ടെയിൽ ആൻഡ് സൂപ്പർമാർക്കറ്റ് ബംഗളൂരുവിലെ ഉപഭോക്താക്കളുടെ വിശ്വാസ്യതയാർജിച്ച് വിവിധ ഭാഗങ്ങളില്‍ ശാഖകള്‍ തുറന്ന് പ്രശസ്തിയിലെത്തുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിൻെറ രൂപത്തിലേക്ക് ചില്ലറവ്യാപാരം രൂപാന്തരംപ്രാപിച്ചപ്പോള്‍ അതിൻെറ തുടക്കക്കാരനാകാനും രംഗത്ത് ഉന്നത സ്ഥാനം നേടിയെടുക്കാനും അബ്ദുറഹ്മാന് കഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കി നൂതന വ്യാപാര രംഗത്ത് കുത്തക കമ്പനികളോട് കിടപിടിക്കാനും വിജയിക്കാനും കഴിഞ്ഞതും അദ്ദേഹത്തിൻെറ നേട്ടമായി. അദ്ദേഹത്തിൻെറ പാത പിന്‍പറ്റി നിരവധി മലയാളികളാണ് ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റ് രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. പിതാവ് കാണിച്ചുകൊടുത്ത വഴികളിലൂടെ ബംഗളൂരു മര്‍ച്ചൻറ് അസോസിയേഷന്‍ അംഗങ്ങൾകൂടിയായ മക്കളാണ് ഇപ്പോൾ ഈ റീട്ടെയിൽ ശൃംഖല നടത്തുന്നത്. നിര്യാണത്തിൽ എം.എം.എ പ്രസിഡൻറ് എൻ.എ. മുഹമ്മദ്, ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസ്, കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഉസ്മാൻ, സെക്രട്ടറി എം.കെ. നൗഷാദ്, എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ഫരീക്കോ മമ്മു ഹാജി, അഡ്വ. പി. ഉസ്മാൻ, സി.എം. മുഹമ്മദ് ഹാജി, കെ.സി. അബ്ദുൽ ഖാദർ, ഷംസുദ്ദീൻ കൂടാളി, ടി.എം. ലത്തീഫ് ഹാജി, കാരുണ്യ ബംഗളൂരുവിൻെറ കാദർ മൊയ്തീൻ, നാസർ നീലസാന്ദ്ര തുടങ്ങിയവർ അനുശോചിച്ചു. ........................... മലബാർ മുസ്ലിം അസോസിയേഷ‍ൻെറ നെടുന്തൂൺ ബംഗളൂരു: നാലു പതിറ്റാണ്ടുകാലമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന സൗമ്യനും ഔദാര്യശീലനുമായ കെ.പി. അബ്ദുറഹ്മാൻ ഹാജിയുടെ നിര്യാണം തീരാനഷ്ടമാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) അനുസ്മരിച്ചു. എം.എം.എയുടെ സീനിയർ വൈസ് പ്രസിഡൻറായിരുന്ന കെ.പി. അബ്ദുറഹ്മാൻ സംഘടനയുടെ നെടുന്തൂണായിരുന്നു. 1983ൽ എം.എം.എയുടെ മൂർത്തിനഗറിൽ ആസ്ഥാന മന്ദിരത്തിൻെറ നിർമാണ കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം എം.എം.എയെ കെട്ടിപ്പടുക്കാൻ പ്രയ്തനിച്ചു. ഖാദർ ഷെരീഫ് ഗാർഡനിലെ ഷാഫി മസ്ജിദ് വിപുലീകരണ കമ്മിറ്റി ചെയർമാനും വിദ്യാർഥികളുടെ ഹോസ്റ്റൽ നിർമാണ കമ്മിറ്റി ചെയർമാനായും അദ്ദേഹം സജീവമായി നിലകൊണ്ടിരുന്നു. ബംഗളൂരുവിൽ ആദ്യമായി ഖബറടക്കത്തിന് മുന്നോടിയായി മയ്യിത്ത് കുളിപ്പിക്കാനും മറ്റുള്ള ചടങ്ങുകൾക്കുമുള്ള സംവിധാനം മൂർത്തി നഗറിൽ സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. നിർധന വിഭാഗങ്ങളുടെ അത്താണിയായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനരംഗത്ത് എപ്പോഴും സജീവമായിരുന്നു. എല്ലാ വർഷവും മദ്റസ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നത് അദ്ദേഹം മുടക്കിയിരുന്നില്ല. കണ്ണൂരിലെ ചാലയിലാണ് ജനിച്ചതെങ്കിലും വളർന്നതും പഠിച്ചതും പിന്നീട് കച്ചവടമേഖലയിൽ ഉയരങ്ങളിലെത്തുന്നതും ബംഗളൂരുവിൽനിന്നാണ്. പള്ളികളും സ്കൂളുകളും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിൻെറ ജീവകാരുണ്യ പ്രവർത്തനം. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന അദ്ദേഹം പലരുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് സഹായമെത്തിച്ചു. മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്ന അബ്ദുറഹ്മാൻ യുവസംരംഭകർക്ക് എന്നും പ്രചോദനമായിരുന്നുവെന്നും എം.എം.എ അനുസ്മരിച്ചു. ............................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.