വർത്തമാന സാഹചര്യത്തിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും യോഗ അനിവാര്യം- -കെ. സുരേന്ദ്രൻ കണ്ണൂർ: കേന്ദ്ര--സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരും തൊഴിലാളികളും യോഗ അഭ്യാസമുറ നിർബന്ധമായി പഠിക്കണമെന്നും ദൈനംദിന ജീവിതത്തിൻെറ ഭാഗമായി യോഗയെ മാറ്റണമെന്നും ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) കണ്ണൂർ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കെ.പി.എസ്.ടി.എ ഓഡിറ്റോറിയത്തിൽ ആരംഭിച്ച യോഗ ക്ലാസിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര--സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലാളികൾ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത മാനസിക പിരിമുറുക്കത്തിലും മാനസിക പീഡനത്തിലുമാണ്. തൊഴിലാളികൾ മാത്രമല്ല, അവരുടെ കുടുംബങ്ങളും അതേ അവസ്ഥയിലാണ്. ഈ മാനസിക പിരിമുറുക്കത്തെ നേരിടാൻ യോഗ അഭ്യാസമുറക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മോദിയും പിണറായിയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കാൻ മത്സരിക്കുകയാണ്. മഹാ നവരത്ന കമ്പനികളും പെട്രോളിയം കോർപറേഷനുകളും ബി.എസ്.എൻ.എല്ലും അംബാനിക്കു നൽകാൻ മോദി തീരുമാനിക്കുമ്പോൾ സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയെ വിൽക്കാൻ പിണറായിയും തയാറാകുന്ന സാഹചര്യത്തെയാണ് തൊഴിലാളികളും ജീവനക്കാരും മാനസിക പിരിമുറുക്കത്തോടെ നേരിടുന്നത്. നാളെ ജോലി ഉണ്ടാകുമോ ജോലിചെയ്ത കൂലി ലഭിക്കുമോ ചെയ്ത സർവിസിൻെറ ആനുകൂല്യം ലഭിക്കുമോയെന്ന ചിന്ത തൊഴിലാളികളെയും കുടുംബങ്ങളെയും രോഗാവസ്ഥയിലേക്ക് മാറ്റുന്ന ഈ കാലഘട്ടത്തിൽ യോഗ മുറക്ക് ഏറെ പ്രാധാന്യമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വർക്കേഴ്സ് യൂനിയൻ യൂനിറ്റ് പ്രസിഡൻറ് എം. ഹാഷിം അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ബേബി ആൻറണി, വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് എ.എൻ. രാജേഷ്, മോഹനൻ പന്നിയോടൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി എം. സജീവൻ സ്വാഗതവും ട്രഷറർ ടി.കെ. പവിത്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.