വെള്ളൂർ ബാങ്കിൽ മുറ്റത്തെ മുല്ല വായ്പ പദ്ധതി തുടങ്ങി

പയ്യന്നൂർ: ബ്ലേഡ് കമ്പനികളുടെ സാമ്പത്തിക ചൂഷണത്തിൽനിന്ന് നാടിനെ രക്ഷിക്കാനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന 'മ ുറ്റത്തെ മുല്ല' വായ്പാ പദ്ധതിക്ക് വെള്ളൂർ ബാങ്കിൽ ആവേശത്തുടക്കം. കൂലിവേലക്കാരെയും ചെറുകിട കച്ചവടക്കാരെയും മറ്റ് സാധാരണക്കാരെയും ബ്ലേഡ് മാഫിയയിൽനിന്ന് രക്ഷിക്കാനായി കുടുംബശ്രീ യൂനിറ്റ് വഴിയാണ് ഈ വായ്പ വിതരണംചെയ്യുക. ബാങ്ക് അനുവദിക്കുന്ന വായ്പാ തുക വിഭജിച്ച് ഗുണഭോക്താക്കൾക്ക് കുടുംബശ്രീ യൂനിറ്റ് തുക വിതരണംചെയ്യും. വായ്പ തിരിച്ചടവും കുടുംബശ്രീ മുഖാന്തരംതന്നെ. സഹകരണ പ്രസ്ഥാനത്തിൻെറ പ്രാരംഭകാലത്തെ ഓർമിപ്പിക്കുന്ന ഈ വായ്പ പദ്ധതി ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകിടം മറിയുന്ന വർത്തമാനകാലത്ത് കേരളത്തിലെങ്കിലും പ്രതിരോധത്തിനുള്ള ആയുധമാകും. ഒപ്പം ആശ്വാസവും പകരും. സഹകരണവകുപ്പ് പയ്യന്നൂർ യൂനിറ്റ് പരിധിയിലെ ബാങ്കുകളിൽ ആദ്യം വെള്ളൂർ ബാങ്കാണ് ഈ പദ്ധതി നടപ്പാക്കിയത്. ശതാബ്ദി വർഷത്തിൽ ബാങ്ക് പരിധിയിലെ മുഴുവൻ കുടുംബശ്രീ യൂനിറ്റുകളെയും ഈ പദ്ധതിയുമായി ബന്ധിപ്പിക്കാനാണ് വെള്ളൂർ ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണവകുപ്പ് പയ്യന്നൂർ അസി. രജിസ്ട്രാർ എൻ.കെ. മോഹൻരാജ് വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. തങ്കമണി, പി.വി. മഹേഷ്, എ. സതീശൻ, പി.വി. ലക്ഷ്മണൻ നായർ, കെ. രമേശൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.