പാനൂർ: ജൈവ മത്സ്യകൃഷിയിൽ നൂതന രീതിയുമായി കടവത്തൂരിലെ കുഞ്ഞബ്ദുല്ല ഹാജി. ഇസ്രായിൽ സാങ്കേതിക വിദ്യയാണ് കടവത്തൂരിലെ എ.സി. കുഞ്ഞബ്ദുല്ല പ്രയോഗിക്കുന്നത്. വീടിന് പിന്നിൽ ചുറ്റും വേലികൾ കെട്ടി ഉള്ളിൽ താർപ്പായ വിരിച്ച് അതിൽ 15000 ലിറ്റർ വെള്ളം പമ്പ് ചെയ്താണ് മത്സ്യകൃഷി നടത്തുന്നത്. ഇത്തരത്തിലുള്ള രണ്ട് ടാങ്കാണ് വീടിന് പിന്നിൽ സജ്ജീകരിച്ചത്. ബയോടെക്നോളജി സംവിധാനത്തിലൂടെ ടാങ്കിൽ നിക്ഷേപിക്കുന്ന വെള്ളത്തിലുള്ള വിവിധ തരത്തിലുള്ള സൂക്ഷ്മ ജീവികളാണ് ഇവയുടെ ഭക്ഷണം. ആൽഫ സ്കൂൾ ഓഫ് അഗ്രികൾചർ ആൻഡ് അക്വ കൾചർ വടകരയുടെ സഹായത്തോടെയാണ് മൂവായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വളർത്താനുള്ള സംവിധാനം ഒരുക്കിയത്. ഏകദേശം ഒരു ലക്ഷത്തോളം രൂപ ചെലവിൽ ഒരുക്കിയിട്ടുള്ള മത്സ്യങ്ങൾക്ക് വെള്ളത്തിൽ നിന്നുതന്നെ നൂതന സംവിധാനമുപയോഗിച്ച് ഭക്ഷണം ലഭ്യമാക്കുന്ന രീതി ക്രമീകരിച്ചതുകൊണ്ട് ചെലവ് കുറഞ്ഞ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. വെള്ളം ശുചീകരിക്കാനും ഇതിൽ സംവിധാനമുണ്ട്. വെള്ളത്തിൽ ഉപ്പ് രസം അടങ്ങിയതിനാൽ കടലിൽ വളരുന്ന എല്ലാ മത്സ്യങ്ങളെയും ഇതിൽ വളർത്താൻ കഴിയുമെന്ന് കുഞ്ഞബ്ദുല്ല ഹാജി പറഞ്ഞു. മറ്റ് വളർത്തു മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി രുചിയുള്ള മത്സ്യം ഉൽപ്പാദിപ്പിക്കാനും ഇതുവഴി കഴിയുന്നതായി അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ ആദ്യ സംരംഭമായ പ്രസ്തുത കൃഷിരീതിയിലൂടെ ആറ് മാസം കൊണ്ട് മത്സ്യങ്ങളെ വിളവെടുക്കാൻ സാധിക്കുമെന്നും ഹാജി പറഞ്ഞു. ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് നിരവധി തവണ മികച്ച കർഷകനുള്ള ഗ്രാമ പഞ്ചായത്തിൻെറ അവാർഡിന് അർഹനായിട്ടുണ്ട്. സ്വതന്ത്ര കർഷക സംഘം കൂത്ത്പറമ്പ് മണ്ഡലം പ്രസിഡൻറ് കൂടിയാണ്. സംരംഭത്തിൻെറ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ് ബാബു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു. ഡോ. പുത്തൂർ മുസ്തഫ മുഖ്യാതിഥിയായി. കൃഷി ഓഫിസർ പ്രമോദ്, ഗ്രാമ പഞ്ചായത്ത് മെംബർമാരായ പുല്ലാട്ടുമ്മൽ അമ്മദ് ഹാജി, നെല്ലൂർ ഇസ്മായിൽ, എ.പി. ഇസ്മായിൽ, ശിവൻ പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു. ഒ. ബിലാൽ പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.