പയ്യന്നൂർ: പാർലമൻെറിലെ സംഘ്പരിവാർ എം.പിമാരുടെ പ്രസംഗത്തിൽ മുക്കാൽഭാഗവും മോദിയെ സ്തുതിക്കാനാണ് ഉപയോഗിക്കുന്നതെന്നും ഇതുകേട്ട് ചിലർക്ക് ഇക്കിളി വരുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. രാജീവ് ഗാന്ധിയുടെ 75ാം ജന്മവാർഷികം ഇന്ത്യയുടെ ശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി പച്ചക്കള്ളം പറഞ്ഞ് രാജ്യത്തെ ജനങ്ങളെ പറ്റിക്കുകയാണ്. നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ അപമാനിക്കാനാണ് മോദി എന്നും ശ്രമിച്ചിട്ടുള്ളത്. അതിനെതിരെ പ്രതികരിക്കാത്തവരാണ് ഇപ്പോൾ മോദിയെ സ്തുതിക്കുന്നത്. ശരീരം കോൺഗ്രസും മനസ്സ് മോദിയുമായി ചിലർ നടക്കുന്നുണ്ട്. ശശി തരൂർ, ജയറാം രമേശ്, അഭിഷേക് സിങ്വി എന്നിവരുടെ പേരെടുത്തു പറഞ്ഞ് ഉണ്ണിത്താൻ ആഞ്ഞടിച്ചു. കോൺഗ്രസിനോട് കൂറും പ്രതിബദ്ധതയും പുലർത്താത്ത ഒരാളെ പോലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽപോലും മത്സരിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെ. ജയരാജ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി സെക്രട്ടറി ജി. രതികുമാർ, എം. നാരായണൻകുട്ടി, വി. കൃഷ്ണൻ മാസ്റ്റർ, എം.കെ. രാജൻ, എ.പി. നാരായണൻ, അഡ്വ. റഷീദ് കവ്വായി, വി.എൻ. എരിപുരം, അഡ്വ. ബ്രിജേഷ് കുമാർ, പി. ലളിത ടീച്ചർ, അഡ്വ. ഡി.കെ. ഗോപിനാഥ്, വി.സി. നാരായണൻ, എം. പ്രദീപ്കുമാർ, പ്രശാന്ത് കോറോം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.