ഗതാഗത നിയമങ്ങളോ? അതെന്താ?

ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് മറ്റ് വാഹനങ്ങൾ കൈയടക്കി ശ്രീകണ്ഠപുരം: എങ്ങനെ ഗതാഗത നിയമങ്ങൾ ലംഘിക്കാമെന്നുള്ളതിന ് മാതൃകയാവുകയാണ് ശ്രീകണ്ഠപുരം. നടപടി കർശനമാക്കാത്തതിനാൽ ഇവിടെ ഗതാഗത സംവിധാനം പാടേ താളം തെറ്റിയിരിക്കുകയാണ്. നോ പാർക്കിങ്, നോ എൻട്രി, വൺവേ തുടങ്ങിയ ബോർഡുകളെല്ലാം പലരും കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ്. ബസ് സ്റ്റാൻഡാണെങ്കിലും അതിൻെറ ഏറെ ഭാഗവും ചെറുവാഹനങ്ങൾ കൈയേറി നിർത്തിയിടുന്നു. മനഃപൂർവം ചിലർ നിയമം ലംഘിക്കുന്നതു തുടരുമ്പോഴും അധികൃതർ മൗനം നടിക്കുകയാണ്. ഗതാഗതക്കുരുക്കും അപകടങ്ങളും ഇവിടെ പതിവാണ്. ബസുകൾ മാത്രം കയറേണ്ട ബസ് സ്റ്റാൻഡിൻെറ ഒരു ഭാഗം അന്യവാഹനങ്ങൾ കൈയടക്കിയതോടെയാണ് ദുരിതം വർധിച്ചത്. ബസ് സ്റ്റാൻഡിലെ പ്രവേശന കവാടം മുതൽ മത്സ്യ മാർക്കറ്റിലേക്കുള്ള വഴി വരെയുള്ള ഭാഗങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയാണ്. നഗരസഭ ഓഫിസിൻെറ പ്രവേശന കവാടം പോലും തടസ്സപ്പെടുത്തിക്കൊണ്ടുള്ള വാഹന പാർക്കിങ്ങും സ്ഥിരം കാഴ്ചയാവുകയാണ്. സെൻട്രൽ ജങ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനമുണ്ടെങ്കിലും വാഹനങ്ങൾ തോന്നിയപോലെ പോകുന്ന സ്ഥിതി തുടരുന്നുണ്ട്. സംസ്ഥാനത്താകെ ട്രാഫിക് സിഗ്നൽ ലംഘിച്ചാൽ പിടികൂടാൻ നടപടിയുണ്ടെങ്കിലും ശ്രീകണ്ഠപുരത്ത് അത് ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ സെൻട്രൽ ജങ്ഷനിൽ ട്രാഫിക് ലംഘിച്ചുപോയ വാഹനങ്ങൾ ഇടിച്ച് 20ലധികം സാരമായ അപകടങ്ങളാണുണ്ടായത്. നഗരസഭയും പൊലീസും ജനങ്ങളുമായി കൂടിയാലോചിച്ച് അടിയന്തരമായി ഗതാഗത പരിഷ്‌കാരം നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ചില സ്വകാര്യ വ്യക്തികളുടെ താൽപര്യ പ്രകാരം ഗതാഗത നിയന്ത്രണ ബോർഡുകൾ ടൗണിൽനിന്ന് മുറിച്ചുമാറ്റി കൊണ്ടുപോയ സംഭവമുണ്ടായിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിരുന്നില്ല. പത്തോളം കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം നടത്തിയിട്ടില്ല. ഓരോ ബസുകളും നിർത്തിയിടാനുള്ള സ്ഥിരം സ്ഥലങ്ങളും ക്രമീകരിക്കേണ്ടതുണ്ട്. ഗതാഗത സംവിധാനം കർശനമാക്കാൻ അധികൃതർ തയാറാവണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.