രാജ്യത്ത് ദുരന്തപൂർണമായ രാഷ്​ട്രീയ കാലാവസ്​ഥ -മുല്ലപ്പള്ളി

മാഹി: അത്യന്തം ദുരന്തപൂർണമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ല പ്പള്ളി രാമചന്ദ്രൻ. ഐ.കെ. കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി മന്ദിരത്തിൽ മയ്യഴി സ്വാതന്ത്ര്യസമര പോരാളി ഡോ. എം.കെ. മേനോൻെറ ഛായാചിത്രം അനാവരണംചെയ്യുകയായിരുന്നു മുല്ലപ്പള്ളി. ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന കാലത്ത് നിലപാടുകളിൽ ഒത്തുതീർപ്പുണ്ടാക്കി മുന്നോട്ട് പോകാനാണ് ശ്രമം. മാഹിയിലെ സ്വാതന്ത്ര്യസമരത്തെ തോൽപിക്കാൻ മാഹിക്കുള്ളിൽതന്നെ ആളുകളുണ്ടായിരുന്നുവെന്നതാണ് ചരിത്രം. അന്ന് മദ്യലോബിയായിരുന്നു പിന്നിൽ. ഇന്നും മാഹിയിൽ മദ്യലോബികളുടെ സ്വാധീനം വലുതാണ്. സ്വാതന്ത്ര്യസമര കാലത്ത് മാഹിയിൽ യുവാക്കളാണ് ചോദ്യംചെയ്യാൻ മുന്നിട്ടിറങ്ങിയത്. മാഹിയുടെ ഇന്നത്തെ അവസ്ഥ എന്താണ്. ആർക്കെങ്കിലും ചോദ്യം ചോദിക്കാൻ സാധ്യമാണോ? യൗവനം ഒന്നിനും കൊള്ളാത്തതായി മാഹിയിൽ അവസാനിപ്പിക്കരുത്. ഐ.കെ. കുമാരൻ, സി.ഇ. ഭരതൻ, പി.കെ. രാമൻ, ഉസ്മാൻ മാസ്റ്റർ എന്നിവരെപ്പോലെ നെഞ്ചുവിരിച്ച് നടക്കാൻ എന്തുകൊണ്ട് നേതാക്കന്മാർക്ക് സാധിക്കുന്നില്ല. ആത്മപരിശോധന നടത്തണം. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. എം. ഹരീന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. പി.പി. വിനോദൻ അധ്യക്ഷതവഹിച്ചു. ഐ. അരവിന്ദൻ, ഡോ. സി.ആർ. ലളിത, കീഴന്തൂർ പത്മനാഭൻ എന്നിവർ സംസാരിച്ചു. ഡോ. എം.കെ. മേനോൻെറ മക്കൾ സുശീല, ചിത്തരഞ്ജൻ ദാസ്, പേരമക്കൾ അജിത് മേനോൻ, പ്രസാദിത എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.