സഖ്യസാധ്യത തള്ളാതെ, രാഹുലി​െൻറ സ്ഥാനാർഥിത്വത്തെ വിമർശിച്ച്​ യെച്ചൂരി സഖ്യസാധ്യത തള്ളാതെ, രാഹുലി​െൻറ സ്ഥാനാർഥിത്വത്തെ വിമർശിച്ച്​ യെച്ചൂരി

സഖ്യസാധ്യത തള്ളാതെ, രാഹുലിൻെറ സ്ഥാനാർഥിത്വത്തെ വിമർശിച്ച് യെച്ചൂരി സഖ്യസാധ്യത തള്ളാതെ, രാഹുലിൻെറ സ്ഥാനാർഥി ത്വത്തെ വിമർശിച്ച് യെച്ചൂരി 'മതേതര സർക്കാർ വരണം; അതിന് ഇടതുപക്ഷം നിർണായക ശക്തിയാവണം' സുൽത്താൻ ബത്തേരി: ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസുമായി സഖ്യസാധ്യത തള്ളാതെയും എന്നാൽ, രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ വിമർശിച്ചും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിയെ പുറത്താക്കി മതേതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നും അതിന് ഇടതുപക്ഷം കൂടുതൽ സീറ്റുകളിൽ ജയിച്ച് നിർണായക ശക്തിയാവണമെന്നും സുൽത്താൻ ബത്തേരിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കുവേണ്ടിയുള്ള നയങ്ങൾ പിന്തുടരുന്ന സർക്കാറാണ് ഇനി വരേണ്ടത്. മതേതര ജനാധിപത്യ സർക്കാറിന് തന്നെയാണ് കോൺഗ്രസ് ശ്രമിക്കുന്നതെങ്കിലും എന്തിനാണ് വയനാട്ടിൽ രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതെന്ന് മറുപടി പറയണം. ഇന്ത്യ ഒന്നാണെന്ന് കാണിക്കാനാണ് വയനാട്ടിൽ മത്സരിക്കുന്നതെങ്കിൽ അദ്ദേഹത്തിൻെറ മുത്തശ്ശിയും അമ്മയും മത്സരിച്ച കർണാടകത്തിലെ ബെല്ലാരിയും ചിക്മഗളൂരുവും തെരഞ്ഞെടുക്കാത്തതിന് മറുപടി പറയണം. മതേതര ഇന്ത്യയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്ത ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നയിടത്താണ് യഥാർഥ പ്രശ്നം. ജനങ്ങൾക്കുവേണ്ടി ജനങ്ങളുടെ നയം നടപ്പാക്കുന്ന ബദൽ സർക്കാർ രൂപവത്കരിക്കുകയാണ് പ്രധാനം. ജനോപകാര നയരൂപവത്കരണത്തിൽ ഇടപെടാൻ ഇടതുപക്ഷത്തിന് കഴിയണമെങ്കിൽ എൽ.ഡി.എഫ് കൂടുതൽ സീറ്റുകൾ നേടണം. 2004ൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നറിഞ്ഞിട്ടും കേന്ദ്രത്തിൽ എ.ബി. വാജ്പേയി സർക്കാറിനെ പുറത്താക്കാൻ കേരളത്തിലെ ജനങ്ങൾ 18 സീറ്റുകളിൽ ഇടതുപക്ഷത്തെ തെരഞ്ഞെടുത്ത് നിർണായകമായ ശക്തിയാക്കി. അന്ന് ഇടതുപക്ഷത്തിൻെറ 61 എം.പിമാരിൽ 57 പേരും കോൺഗ്രസിനെ തോൽപിച്ചാണ് ലോക്സഭയിലെത്തിയത്. അധികാരത്തിലെത്തിയ യു.പി.എ സർക്കാർ വിവരാവകാശനിയമം, തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസാവകാശം, ഭക്ഷ്യസുരക്ഷ നിയമം തുടങ്ങിയ നയങ്ങൾ രൂപവത്കരിച്ചത് ഇടതുപക്ഷ പിന്തുണകൊണ്ട് മാത്രമാണ്. അതി ഗുരുതര സ്ഥിതിയാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്നത്. 2004ൽ കാണിച്ച രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തിലെ ജനങ്ങൾ കാണിക്കുമെന്നും 20ൽ 20 സീറ്റിലും ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്. നരേന്ദ്ര മോദി ഭരണത്തിൽ ഭരണഘടന സംവിധാനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സി.ബി.െഎ, ആർ.ബി.െഎ, സി.എ.ജി, വിജിലൻസ്, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയവയെ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റി. ജനപക്ഷ നയങ്ങൾ നടപ്പാക്കുന്ന സർക്കാർ അധികാരത്തിൽ വന്നാലേ സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയൂ. ഇടതുപക്ഷ പിന്തുണയില്ലാത്ത യു.പി.എ സർക്കാറാണ് മോദി ഭരണത്തിന് വിത്തുപാകിയതെന്നും യെച്ചൂരി വിമർശിച്ചു. സഖ്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തെരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങൾ അപ്പോൾ തീരുമാനിക്കാമെന്ന് പറഞ്ഞ് യെച്ചൂരി ഒഴിഞ്ഞു. പരിപാടിയിൽ മന്ത്രിമാരായ കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രൻ, എം.പി. വീരേന്ദ്രകുമാർ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, സ്ഥാനാർഥി പി.പി. സുനീർ തുടങ്ങിയവർ സംബന്ധിച്ചു. .......... ബംഗാളിൽ തൃണമൂൽ ഭീകരത യെച്ചൂരി സുൽത്താൻ ബത്തേരി: ബംഗാളിലെ സി.പി.എം സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ മുഹമ്മദ് സലീമിനെതിരെ നടന്ന ആക്രമണം തൃണമൂൽ കോണ്‍ഗ്രസിൻെറ കാലങ്ങളായുള്ള ഭീകരതക്ക് തെളിവാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യം നശിപ്പിക്കപ്പെടുകയാണ്. വിഷയത്തിൽ കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.