രാമന്തളി പുഴ മാലിന്യം: മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വീണ്ടും പുഴ പരിശോധിച്ചു

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽനിന്ന് മലിനജലം ഒഴുകിയെത്തി രാമന്തളി ഏറൻപുഴ മലിനമായെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ശനിയാഴ്ച വീണ്ടും പുഴയിൽ പരിശോധന നടത്തി. രാമന്തളി കടവ് ഭാഗത്തുനിന്ന് പരിശോധനക്കായി വെള്ളം ശേഖരിച്ചു. ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പ്രത്യേകമായി പുഴ പരിശോധനക്കായി എത്തി വെള്ളം ശേഖരിച്ചത്. ഒരുമാസം മുമ്പ് ഹരിത-ശുചിത്വ കേരള മിഷൻ എന്നിവയുടെ സഹകരണത്തോടെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ രാമന്തളി പുഴയിലെ നാലുഭാഗങ്ങളിൽനിന്നും വെള്ളം പരിശോധനക്കായി കൊണ്ടുപോയിരുന്നു. ഇതി​െൻറ പരിശോധനഫലം കഴിഞ്ഞ ആഴ്ച ജില്ല കലക്ടർക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ടിൽ ഒരുഭാഗത്തൊഴിച്ച് മറ്റു ഭാഗങ്ങളിലെ പുഴയിൽ മാലിന്യം കലർന്നിട്ടില്ലെന്ന റിപ്പോർട്ടാണ് മലിനീകരണ നിയന്ത്രണ ബോർഡ് കലക്ടർക്ക് സമർപ്പിച്ചത്. രാമന്തളി കടവ് ഭാഗത്തെ വെള്ളത്തിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമടക്കമുള്ള മാലിന്യങ്ങൾ കലർന്നതായി തെളിഞ്ഞത്. തുടർന്നാണ് ഈ പ്രദേശത്ത് വീണ്ടും പരിശോധന നടത്താൻ കലക്ടർ നിർദേശിച്ചത്. രാമന്തളി പുഴവെള്ളത്തിന് നിറവ്യത്യാസം അനുഭവപ്പെട്ടതായും മത്സ്യത്തൊഴിലാളികൾക്ക് ചർമരോഗമടക്കമുള്ള ശാരീരികപ്രശ്നങ്ങളുണ്ടാവുകയും ചെയ്തതിനെ തുടർന്ന് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ജല അതോറിറ്റി പുഴവെള്ളം പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പുഴവെള്ളം അതീവ മലിനമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകി. തുടർന്നാണ് ഹരിത-ശുചിത്വ മിഷനുകളുടെ സഹകരണത്തോടെ കഴിഞ്ഞമാസം മലിനീകരണ നിയന്ത്രണ ബോർഡ് രാമന്തളി പുഴയിലെ വെള്ളം പരിശോധിച്ചത്. ശനിയാഴ്ച നടന്ന പരിശോധനക്ക് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമ​െൻറ് എൻജിനീയർ അനിത കോയൻ, പഞ്ചായത്തംഗം കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.