ചെറുപുഴ: മലയോര ഹൈവേയുടെ ഭാഗമായ ചെറുപുഴ ടൗണിൽ ഫൂട്പാത്തിന് സമാന്തരമായി നിർമിക്കുന്ന കൈവരിയെ ചൊല്ലി തര്‍ക്കം. കൈവരി സ്ഥാപിക്കുന്നതില്‍ അപാകതയുണ്ടെന്ന പരാതിയുമായി വ്യാപാരികള്‍ രംഗത്തെത്തിയതോടെ നിർമാണം നിര്‍ത്തി. സ്റ്റീല്‍ പൈപ്പുകളുപയോഗിച്ച് 20 അടി വീതം നീളമുള്ള കൈവരിയാണ് ഫൂട്പാത്തിനോട് ചേര്‍ന്ന് സ്ഥാപിക്കുന്നത്. മൂന്നു വീതം കൈവരികള്‍ക്കിടയില്‍ റോഡില്‍നിന്ന് ഫൂട്പാത്തിലേക്ക് കയറാന്‍ സ്ഥലം ഒഴിച്ചിടും. എന്നാൽ, ഇങ്ങനെ കൈവരികള്‍ സ്ഥാപിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് കടകളിലെത്താന്‍ ബുദ്ധിമുട്ടാകുമെന്നും ഇത് കച്ചവടത്തെ ബാധിക്കുമെന്നുമാണ് വ്യാപാരികളുടെ വാദം. ഓരോ കൈവരിക്കുശേഷവും സ്ഥലം ഒഴിച്ചിടണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ സ്ഥാപിച്ച കൈവരികള്‍ക്ക് ഉയരം കൂടുതലാണെന്നും ചര്‍ച്ച നടത്തി വ്യാപാരികളുടെ ആശങ്ക അകറ്റണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡൻറ് ജെ. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മലയോര ഹൈവേ പൂര്‍ത്തിയാകുന്നതോടെ ജനത്തിരക്കും വാഹനത്തിരക്കും വര്‍ധിക്കുന്ന ചെറുപുഴ ടൗണില്‍ കാല്‍നടക്കാര്‍ റോഡിലിറങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് കൈവരി സ്ഥാപിക്കുന്നതെന്നും ശേഷം ഫൂട്പാത്തില്‍ ടൈല്‍ വിരിച്ച് ഭംഗിയാക്കുമെന്നും കരാറുകാര്‍ പറയുന്നു. പ്രവൃത്തി തടസ്സപ്പെട്ടാല്‍ കൈവരികള്‍ ഇല്ലാതെ റോഡ് നിർമാണം പൂര്‍ത്തിയാക്കേണ്ടിവരുമെന്നാണ് കരാറുകാരുടെ നിലപാട്. പ്രശ്നം പരിഹരിക്കാന്‍ ചൊവ്വാഴ്ച ബന്ധപ്പെട്ടവരുടെ യോഗം പഞ്ചായത്തില്‍ ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.