അങ്ങാടിക്കടവ് ജനവാസ മേഖലയിൽ കാട്ടാന ഉണ്ടാക്കിയ കൃഷിനാശം
ഇരിട്ടി: ഒരു പകലും രാത്രിയും നീണ്ട ആശങ്കകൾക്കും പിരിമുറുക്കത്തിനുമൊടുവിൽ അയ്യൻകുന്ന് മേഖലയെ മുൾമുനയിൽ നിർത്തിയ കാട്ടുകൊമ്പനെ വനംവകുപ്പ് തിങ്കളാഴ്ച പുലർച്ചെയോടെ ആറളം ഫാമിലേക്ക് തുരത്തി. ഞായറാഴ്ച പുലർച്ചെ അങ്ങാടിക്കടവ് വാർഡ് അംഗം ഓരത്തേൽ ബിന്ദു ഷാജിയുടെ വീട്ടുമുറ്റത്തെത്തിയ കൊമ്പൻ വാണിയപ്പാറ, അങ്ങാടിക്കടവ്, കൂമൻതോട്, വലിയപറമ്പുംകരി, കരിക്കോട്ടക്കരി മേഖലകളിലാണ് ആശങ്കയുണ്ടാക്കിയത്.
ജനവാസ മേഖലയിൽനിന്ന് ആനയെ തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം ഞായറാഴ്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച ജില്ല ഭരണകൂടം പഞ്ചായത്തിലെ അങ്ങാടിക്കടവ്, ഈന്തുംകരി, കൂമൻന്തോട്, വലിയപറമ്പുംകരി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതുവരെ ആശാൻകുന്ന് മേഖലയിലെ കൃഷിയിടത്തിൽ നിലയുറപ്പിച്ച ആന പുലർച്ചെയോടെ അവിടെനിന്ന് നീങ്ങാൻ തുടങ്ങി.
വനംവകുപ്പ് ആനയുടെ സഞ്ചാരപാത നിരീക്ഷിച്ച് പിന്നാലെയുണ്ടായിരുന്നു. കരിക്കോട്ടക്കരി പള്ളിക്ക് പിൻവശത്തുകൂടി എടപ്പുഴ റോഡ് കടന്ന് വെമ്പുഴ തോട് വഴി ആറളം ഫാം മൂന്നാം ബ്ലോക്കിലേക്ക് ആന പ്രവേശിക്കുകയായിരുന്നു. തിരിച്ചു പോകുന്നതിനിടെ കൃഷിയിടത്തിൽനിന്ന് വാഴകളും മറ്റും വ്യാപകമായി നശിപ്പിച്ചു.
പാറയ്ക്കാമലയിൽ രണ്ടുദിവസം കണ്ട ആനയാണ് അങ്ങാടിക്കടവ് മേഖലയിൽ എത്തിയതെന്ന് സംശയിക്കുന്നു. ഒരുമാസം മുമ്പ് കൂട്ടുപുഴ പാലത്തിലെത്തിയ കർണാടക വനത്തിൽ നിന്നുള്ള ആനയാണിതെന്ന് സംശയമുണ്ടായിരുന്നു. വനംവകുപ്പ് ഇത് നിഷേധിച്ചു. മേഖലയിൽ കനത്ത നാശമാണ് കൊമ്പൻ ഉണ്ടാക്കിയത്. വനംവകുപ്പ് ആനയെ ഓടിക്കാനുള്ള ശ്രമത്തിനിടയിൽ വിരണ്ട് ഓടിയ ആന മേഖലയിൽ വീടിനോട് ചേർന്നുള്ള രണ്ട് ഷെഡുകളും ഒരു റബർ ഷീറ്റ് പുരയും നശിപ്പിച്ചിരുന്നു.
ആന അക്രമം കാട്ടിയതോടെ തുരത്തൽ നിർത്തിവെക്കുകയും ആനയുടെ ചലനം നിരീക്ഷിച്ച് വനംവകുപ്പ് മുൻകരുതൽ എടുത്താണ് വൻ അപകടങ്ങൾ ഒഴിവാക്കാനായത്. പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വനം ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റർമാരായ സി. സുനിൽകുമാർ, സി.കെ. മനോജ്, പ്രമോദ്, ആർ.ആർ.ടി ഫോറസ്റ്റർ രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ ഫാമിലേക്ക് തുരത്തിയത്.
ഇരിട്ടി: ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്തി ആറളം ഫാമിലേക്ക് കയറ്റിവിടുന്നതിനെതിരെ ആറളം ഫാമിനകത്തുനിന്ന് പ്രതിഷേധം. അങ്ങാടിക്കടവ് കരിക്കോട്ടക്കരി ഭാഗങ്ങളിലെത്തിയ കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിന് പകരം ആറളം ഫാമിലേക്ക് തുരത്തിയതിനാണ് പ്രതിഷേധം.
ആനശല്യം ഫാമിലുള്ളവർക്കും ദുരിതമാക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും മറ്റൊരു സ്ഥലത്ത് നിന്നുകൂടി കാട്ടാന ഫാമിലെത്തുന്നതെന്നാണ് അവർ പറയുന്നു. ഇതിനെതിരെ ആദിവാസ ക്ഷേമസമിതി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.