കീഴാറ്റൂർ: സംഘർഷസാധ്യതയെന്ന്​ ​പൊലീസ്​ റിപ്പോർട്ട്​; വയൽക്കിളികളുടെ മാർച്ച്​ തടയും

കണ്ണൂർ: ബൈപാസ് വിരുദ്ധ സമരകൂട്ടായ്മയായ വയൽക്കിളികളും ബൈപാസ് അനുകൂലനിലപാടുമായി സി.പി.എമ്മും മുഖാമുഖം നിൽക്കെ കീഴാറ്റൂരിൽ ക്രമസമാധാനപ്രശ്നം ഒഴിവാക്കാൻ ജില്ല ഭരണകൂടം തിരക്കിട്ട ചർച്ചയിൽ. സംഘർഷം ഒഴിവാക്കാൻ കീഴാറ്റൂർ മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചേക്കും. ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. വയൽക്കിളികളുടെ രണ്ടാംഘട്ട സമരം തുടങ്ങുന്നത് ഞായറാഴ്ചയാണ്. അന്ന് 'കേരളം കീഴാറ്റൂരിലേക്ക്' എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പിൽനിന്ന് കീഴാറ്റൂരിലേക്ക് 2000 പേരെ അണിനിരത്തി മാർച്ച് നടത്തും. കോൺഗ്രസ് നേതാവ് വി.എം. സുധീരനും പരിസ്ഥിതി പ്രവർത്തകരും വികസനപദ്ധതികളുടെ ഇരകളായവരും വയൽക്കിളികളുടെ മാർച്ചിൽ പെങ്കടുക്കുന്നുണ്ട്. സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും അന്നേദിവസം കീഴാറ്റൂരിലെത്തും. കഴിഞ്ഞ ആഴ്ച പൊലീസ് നടപടിക്കിടെ, സി.പി.എമ്മുകാർ കത്തിച്ച സമരപ്പന്തൽ പുനഃസ്ഥാപിച്ച് ബൈപാസ് വിരുദ്ധ സമരം തുടരാനാണ് വയൽക്കിളികളുടെ തീരുമാനം. വയൽക്കിളികൾക്ക് ബദൽസമരം പ്രഖ്യാപിച്ച സി.പി.എം ശനിയാഴ്ച കീഴാറ്റൂരിൽനിന്ന് തളിപ്പറമ്പിലേക്ക് മാർച്ച് നടത്തുന്നുണ്ട്. 3000 പ്രവർത്തകരെ മാർച്ചിൽ അണിനിരത്താനാണ് പാർട്ടി ഒരുങ്ങുന്നത്. മാർച്ചി​െൻറ തുടർച്ചയായി കീഴാറ്റൂരിൽ സ്വന്തം സമരപ്പന്തൽ കെട്ടാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മി​െൻറ 'നാടിന് കാവൽ' സമരം പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ നയിക്കും. ബൈപാസിനായി ഭൂമി വിട്ടുനൽകിയവരെ മാർച്ചിൽ അണിനിരത്തി വയൽക്കിളികൾക്ക് ഭൂവുടമകളുടെ പിന്തുണയില്ലെന്ന് തുറന്നുകാട്ടാനുമാണ് സി.പി.എം പദ്ധതി. ബൈപാസിന് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ജില്ല കലക്ടർ വൈകാതെ പുറപ്പെടുവിക്കുമെന്നാണ് സൂചന. അങ്ങനെയുണ്ടായാൽ വയൽക്കിളികളുടെ മാർച്ച് കീഴാറ്റൂരിലെത്തുന്നതിന് മുമ്പ് പൊലീസ് തടയും. സംഘർഷസാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹം കീഴാറ്റൂരിൽ ഒരുക്കുന്നുണ്ട്. സി.പി.എമ്മി​െൻറ മാർച്ച് കീഴാറ്റൂരിൽനിന്ന് തളിപ്പറമ്പ് ടൗണിലേക്കാണ്. അതിനാൽ വയലിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് സി.പി.എമ്മി​െൻറ മാർച്ചിനെ ബാധിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.