തുരുത്തിയിലെ കുടിൽകെട്ടി സമരം 41 ദിവസം പിന്നിട്ടു

പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തി​െൻറ ഭാഗമായി മുപ്പതോളം കുടുംബങ്ങൾക്ക് വീടും ആരാധനാലയവും നഷ്ടപ്പെടുന്നതിനെതിരെ തുരുത്തി നിവാസികൾ നടത്തുന്ന സമരം 41 ദിവസം പിന്നിട്ടു. മാതാപിതാക്കളും പൂർവികന്മാരും കഷ്ടപ്പെട്ട് നിർമിച്ച വീടും പുരയിടവും മണ്ണും പരമ്പരാഗത ആരാധന കേന്ദ്രവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളായ പത്തുപേർ ബുധനാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ പഠനം ഉപേക്ഷിച്ച് സമരപ്പന്തലിൽ നിരാഹാരമനുഷ്ഠിച്ചു. സമരംചെയ്യുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട തങ്ങളെ കലക്ടര്‍ മാലിന്യമായി കാണാന്‍ ശ്രമിക്കുന്നുവെന്ന് നിരാഹാരമനുഷ്ഠിച്ച സമരാംഗം അനുപമ അനില്‍കുമാര്‍ ആരോപിച്ചു. അധികാരി വർഗത്തി​െൻറ കണ്ണ് തുറപ്പിക്കാനുള്ള സഹനസമരമാണിത്. മാലിന്യത്തിനെതിരെയും പ്ലാസ്റ്റിക്കിനെതിരെയും എന്നും ശബ്ദമുയർത്തുന്ന ജില്ല ഭരണാധികാരിയുടെ ധാർഷ്ട്യത്തിനെതിരെയാണ് ഈ സമരം. തുരുത്തിയിലെ ദുർബല ജനവിഭാഗത്തെ മാലിന്യംപോലെ വലിച്ചെറിയാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ നടക്കുന്ന ധാർമികസമരത്തെ അടിച്ചമർത്താന്‍ ജീവനുള്ള കാലംവരെയും അനുവദിക്കില്ലെന്നും അനുപമ പറഞ്ഞു. ജനിച്ച മണ്ണും കുടിലും ഒരു കാരണവശാലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് സമരത്തിൽ അണിചേർന്ന വിദ്യാർഥികൾ പ്രഖ്യാപിച്ചു. തുരുത്തിയിലെ വീട്ടമ്മമാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലുണ്ടായിരുന്നു. കുട്ടികളുടെ പട്ടിണിസമരം എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ജബ്ബാർ ഉദ്ഘാടനംചെയ്തു. അനുപമ അനിൽകുമാർ അധ്യക്ഷതവഹിച്ചു. പത്മനാഭൻ മൊറാഴ, പി.എസ്. രമേശൻ, പനയൻ കുഞ്ഞിരാമൻ, സതീശൻ പള്ളിപ്രം, സണ്ണി അമ്പാട്ട്, ജെ.ആർ. പ്രസീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.