മംഗളൂരു: കാലിക്കടത്ത് സംഘാംഗം ഹുസൈനബ (61) വധക്കേസിൽ ഹിരിയഡ്ക്ക പൊലീസ് സബ് ഇൻസ്പെക്ടർ ഡി.എൻ. കുമാറിനെ ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമ്പാർഗി സസ്പെൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ച ഹുസൈനബയെ പിന്തുടർന്ന പൊലീസ്, അയാളെ നോട്ടപ്പുള്ളിയായി കാണുന്ന ബജ്റംഗ്ദളിന് മുന്നിൽ വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ എ.എസ്.ഐ രാജേഷ്, പൊലീസ് ജീപ്പ് ഡ്രൈവർ ഗോപാൽ എന്നിവർക്കെതിരെയും നടപടിയുണ്ടായേക്കും. വാഹനത്തിൽ കന്നുകുട്ടികളെ കടത്തുന്ന വിവരം ആരോ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് ബുധനാഴ്ച പുലർച്ച 4.15ന് പൊലീസ് സ്ഥലത്തുചെന്നത്. വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. പൊലീസിനെ കണ്ടയുടൻ വാഹനത്തിലുള്ളവർ ഇറങ്ങിയോടി. ഇതിൽ ഹുസൈനബയെ പൊലീസ് പിന്തുടരുകയായിരുന്നു. പിന്നീട് പകൽ 11നുശേഷം പരിസരത്തെ കുന്നിൻമുകളിൽ ഇയാളുടെ മൃതദേഹം പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഐ.ജി അരുൺ ചക്രവർത്തിയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സംഭവത്തിൽ എസ്.പിയുമായി ചർച്ച നടത്തി. ഇതേത്തുടർന്നാണ് എസ്.െഎക്ക് സസ്പെൻഷൻ. നേരത്തെ ഹിരിയഡ്ക്ക സ്റ്റേഷനിൽ ജോലി ചെയ്ത പുത്തൂർ എസ്.ഐ മഹേഷ്പ്രസാദിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കും. ബജ്റംഗ്ദൾ സംഘം മർദിച്ച് കൊലപ്പെടുത്തിയെന്നാണ് ഹുസൈനബയുടെ ഭാര്യാ സഹോദരൻ ഷേക്കുഞ്ഞി ഉന്നത പൊലീസ് അധികാരികളോട് പരാതിപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊലപാതകമാണെന്ന ബന്ധുക്കളുടെ ആരോപണം, കാലിക്കടത്ത്, അസ്വാഭാവിക മരണം എന്നിവയാണ് കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.