ശ്രീകണ്ഠപുരം: ജില്ലയിൽ ഉൾഗ്രാമങ്ങളിലടക്കം കഞ്ചാവും വിവിധയിനം മയക്കുമരുന്നുകളും വിൽക്കുന്ന സംഘം വിലസുന്നു. മറുനാടൻ തൊഴിലാളികൾ മുഖേന വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപന വ്യാപകമായതിനിടെയാണ് വിവിധയിനം മയക്കുമരുന്നുകൾ കൂടി ഗുളികകളായും സ്റ്റാമ്പ് രീതിയിലും വിൽക്കുന്നത്. എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നിന് പുറേമ സ്റ്റാമ്പ് രൂപത്തിലുള്ള എൽ.എസ്.ഡി ലഹരിയും വിഭ്രാന്തിയും സൃഷ്ടിക്കുന്ന ട്രമഡോൾ ഹൈഡ്രോക്ലോറൈഡ് എന്ന മയക്കുഗുളികയും വിദ്യാർഥികൾക്കിടയിലേക്ക് എത്തുന്നുണ്ട്. മണിക്കൂറുകളോളം ലഹരി നിൽക്കുമെന്നതും ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് മനസ്സിലാകില്ലെന്നതും ഇവക്ക് സ്വീകാര്യത നൽകുകയാണ്. രണ്ടുമാസത്തിനിടെ കണ്ണൂരിലും ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും പാപ്പിനിശ്ശേരിയിലും മയക്കുമരുന്ന് വിൽപന നടത്തുന്ന യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. തലശ്ശേരിയിലും ഇരിട്ടിയിലും കണ്ണൂരിലും പ്രത്യേകം ഏജൻറുമാർതന്നെ മയക്കുഗുളികകൾ എത്തിച്ചുനൽകുന്നുണ്ട്. തലശ്ശേരിയിൽ ഹെറോയിനുമായി പിടിയിലായി ജാമ്യത്തിലിറങ്ങിയയാൾ ജില്ലയിൽ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. ചെങ്കൽ, കരിങ്കൽ ക്വാറി പ്രദേശങ്ങളിലും മറ്റും കഞ്ചാവ് വിൽപന തകൃതിയാണ്. ഒരുവർഷത്തിനിടെ എക്സൈസ്, പൊലീസ് അധികൃതർ നൂറിലേറെ പേരെയാണ് കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവുചെടി നട്ടുവളർത്തിയ രണ്ട് ഒഡിഷ സ്വദേശികളെ ശ്രീകണ്ഠപുരം എക്സൈസ് മാസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം കൊളച്ചേരി ചേലേരിയിലും കഞ്ചാവുചെടി പിടികൂടിയിരുന്നു. ഇടുക്കി, കുമ്പള, ആന്ധ്രപ്രദേശ്, അസം, ഒഡിഷ എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായും കഞ്ചാവ് എത്തുന്നത്. ട്രെയിൻവഴി ഒഴുകുന്ന കഞ്ചാവ് പിടികൂടാൻ റെയിൽേവ പൊലീസും മെനക്കെടുന്നില്ല. ഒഡിഷയിൽ ഒരു കി.ഗ്രാമിന് 2000 രൂപ വിലയുള്ള കഞ്ചാവ് ഇവിടെയെത്തുന്നതോടെ 20,000 രൂപവരെ ലഭിക്കുന്നുണ്ടത്രെ. സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് ചെറിയ തുകയും ബൈക്കും നൽകി കാരിയർമാരായി ഉപയോഗിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.