ചെറുപുഴയില്‍ ഗതാഗത പരിഷ്‌കരണത്തിന് ധാരണ

ചെറുപുഴ: ചെറുപുഴ ടൗണില്‍ ഗതാഗത പരിഷ്‌കരണത്തിന് ധാരണയായി. ചെറുപുഴ പഞ്ചായത്ത് ഹാളില്‍ സി.കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ചെറുപുഴ- പയ്യന്നൂര്‍ റോഡ്, മലയോര ഹൈവേ എന്നിവയുടെ മെക്കാഡം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്നത്. പയ്യന്നൂര്‍, തിരുമേനി, ആലക്കോട് ഭാഗത്തുനിന്നും വരുന്ന ബസുകള്‍ മേലെ ബസാറിലെ പ്രശാന്ത് ഹോട്ടലിന് സമീപം നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കണം. ബസ് സ്റ്റാൻഡിൽനിന്നും പയ്യന്നൂരിലേക്ക് പോകുന്ന ബസുകള്‍ ബൈപാസ് റോഡിലൂടെ ഫെഡറല്‍ ബാങ്കിന് സമീപത്തെത്തി യാത്രക്കാരെ കയറ്റണം. ടൗണിലെ ഓട്ടോറിക്ഷ പാര്‍ക്കിങ് നിലവിലുള്ളതുപോലെ തുടരാനും തീരുമാനമായി. ടാക്‌സി, ഗുഡ്‌സ് വാഹനങ്ങളുടെ പാര്‍ക്കിങ് ചെറുപുഴ കുരിശുപള്ളിക്ക് സമീപത്തേക്ക് മാറ്റാനും നിര്‍ദേശിച്ചു. വ്യാപാരികള്‍ അവരുടെ വാഹനങ്ങള്‍ സ്വന്തം സ്ഥാപനത്തിനുമുന്നില്‍ നിര്‍ത്തിയിടരുത്. ബൈക്കുകള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്നപോലെ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് മുന്നില്‍തന്നെ പാര്‍ക്ക് ചെയ്യണം. ടൗണില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിന് ശ്രമിക്കാനും യോഗം തീരുമാനിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജ്, വൈസ് പ്രസിഡൻറ് ജാന്‍സി ജോണ്‍സന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.ടി.പി. നൂറുദ്ദീന്‍, പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയര്‍ ജയദീപ്, ചെറുപുഴ സബ് ഇന്‍സ്‌പെക്ടര്‍ പി. സുകുമാരന്‍, പഞ്ചായത്ത് സെക്രട്ടറി ഒ.എം. ജോര്‍ജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, ടാക്‌സി തൊഴിലാളികള്‍, വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.