ഭാഷയെ നഷ്ടപ്പെടുത്തുന്നത് സംസ്കാരത്തെ ഉപേക്ഷിക്കലാണ് -പെപിത സേത് പയ്യന്നൂർ: ഒരു ജനത അവരുടെ സംസ്കാരത്തെ അടയാളപ്പെടുത്തുന്നത് ഭാഷയിലൂടെയാണെന്നും അതുകൊണ്ട് ഭാഷയുടെ നാശം സംസ്കാരത്തിെൻറ നാശമാണെന്നും ബ്രിട്ടീഷ് എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ പെപിത സേത്. സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിൽ മലയാള വിഭാഗം സംഘടിപ്പിച്ച 'കേരള നവോത്ഥാനം; സാഹിത്യം, സംസ്കാരം' എന്ന വിഷയത്തിലുള്ള ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇംഗ്ലീഷ് വിദ്യാഭ്യാസവും പാശ്ചാത്യ അറിവുകളും കേരളത്തിലെ സാമൂഹിക ഘടനയെ മാറ്റിമറിക്കുകയും ജനജീവിതത്തെ വികസനോന്മുഖമാക്കുകയും ചെയ്തു. എന്നാൽ, നിർഭാഗ്യവശാൽ ആംഗലേയ സംസ്കൃതിയുടെയും ഭാഷയുടെയും അമിത സ്വാധീനം മലയാളിക്ക് മാതൃഭാഷയും സംസ്കാരവും നിഷേധിക്കുന്ന സ്ഥിതി ഉണ്ടാക്കി. കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികൾ വീട്ടിനകത്ത് പോലും മലയാളം ഉപയോഗിക്കുന്നില്ല. ഇത് തനിമയെ നിഷേധിക്കലാണ്. തെക്കേ അമേരിക്കയിലെ തദ്ദേശീയർ അധിനിവേശക്കാലത്ത് തങ്ങളുടെ ഭാഷയെയും സംസ്കാരത്തെയും രഹസ്യമായി സംരക്ഷിക്കുകയും തലമുറകൾക്ക് കൈമാറുകയും ചെയ്തു. വിലക്കുകളുടെ 400 വർഷങ്ങൾക്കു ശേഷവും അവരുടെ ഭാഷ നിലനിൽക്കുന്നു എന്നത് ഭാഷാഭിമാനത്തിെൻറ വലിയ മാതൃകയാണെന്ന് പെപിത സേത് പറഞ്ഞു. പ്രഫ. ഇ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രേഷ്ഠ മലയാളം ദേശപ്പെരുമയുടെ എഴുത്തിടങ്ങൾ, കേരള സംസ്കാരം ഋതുബോധത്തിെൻറ നാനാർഥങ്ങൾ, നവോത്ഥാനം പുതു വായനയുടെ സ്വരഭേദങ്ങൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. പ്രഫ. തോമസ് ജോബ് കാട്ടൂർ പ്രഭാഷണം നടത്തി. പ്രഫ. എൻ. അജിത്കുമാർ, ഡോ. എം.ടി. നാരായണൻ, ഡോ. രാജീവ്, ഡോ. കെ. ദേവി, ഡോ. മുഹമ്മദ് ബഷീർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രഫ. എം. അരവിന്ദൻ, ഡോ. കെ.ടി. ശ്രീലത, എ. അനിത, ശ്രീലക്ഷ്മി ഭാസ്കരൻ എന്നിവർ സംസാരിച്ചു. പ്രഫ. വി. ലിസി മാത്യു സ്വാഗതവും ഡോ. സി. സ്മിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.