പേരാവൂർ: മുഴക്കുന്ന് പഞ്ചായത്ത് ജൈവവൈവിധ്യ കേന്ദ്രമായി പ്രഖ്യാപിച്ച പെരുമ്പുന്ന പള്ളി ശ്മശാനത്തിന് താഴെ ഭാഗത്തുനിന്ന് നൂറുകണക്കിന് പുഴക്കൈതകൾ സ്വകാര്യ വ്യക്തി കടത്തി. മുറിച്ചെടുത്ത കൈതകൾ മലയോര ഹൈവേക്ക് സമീപം റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടർ അനൂപ് നാമത്തിനെയും പരിസ്ഥിതി പ്രവർത്തകൻ നിഷാദ് മണത്തണയെയും സ്വകാര്യ വ്യക്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇനിയും മുറിക്കുമെന്നും തന്നെ ഒന്നും ചെയ്യാനാവില്ല എന്നും പഞ്ചായത്ത് പ്രസിഡൻറിൽ നിന്ന് അനുമതി തേടിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞത്രെ. എന്നാൽ, അനുമതിയൊന്നും നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞത്. പഞ്ചായത്ത് പ്രസിഡൻറിനെ സംഭവം അറിയിച്ചപ്പോൾ പഞ്ചായത്ത് അംഗത്തെ സ്ഥലത്തേക്ക് സംഭവം അന്വേഷിക്കാൻ അയച്ചിരുന്നു. മുഴക്കുന്ന് പഞ്ചായത്ത് ഏറ്റെടുത്ത പുറമ്പോക്കു ഭൂമിയിലെ നൂറുകണക്കിന് കൈതകളാണ് മുറിച്ചുമാറ്റിയത്. വാഴക്ക് കുത്ത് കൊടുക്കാനാണ് ഇവ മുറിച്ചതെന്ന് സ്വകാര്യ വ്യക്തി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുറിച്ചുമാറ്റിയ കൈതകൾ പുറമ്പോക്കിൽ നട്ടുവളർത്താൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകൻ നിഷാദ് മണത്തണ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.