മട്ടന്നൂര്‍: കെട്ടിടനികുതി വര്‍ധന സാവകാശത്തില്‍ വേണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അടിയന്തര പ്രമേയം പാസാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. നഗരസഭയിലെ കെട്ടിട ഉടമകള്‍ക്ക് ബാധ്യതയാകുന്ന കെട്ടിട നികുതി വര്‍ധന പിഴകൂടാതെ അടക്കാന്‍ ആറുമാസത്തെ കാലയളവ് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിക്കണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍ കെ.വി. ജയചന്ദ്രന്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത്. മാര്‍ച്ച് 31ന് മുമ്പ് നികുതി അടക്കാനുള്ള സമയമുണ്ടെന്നും പൊതുസമൂഹം പരാതി പറയാത്ത സ്ഥിതിക്ക് പ്രമേയത്തിനുമേല്‍ ചര്‍ച്ച വേണ്ടെന്നും ചെയര്‍പേഴ്‌സൻ അനിത വേണു അറിയിച്ചു. വേഗത്തില്‍ നികുതി പിരിക്കാത്തപക്ഷം നഗരസഭക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും സമയം നീട്ടിനല്‍കേണ്ട സാഹചര്യം നിലവിലില്ലെന്നും വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമനും പറഞ്ഞു. ഇതോടെയാണ് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. പ്രതിപക്ഷം ഇറങ്ങിപ്പോയതുകാരണം തുടര്‍ന്നുനടക്കേണ്ടിയിരുന്ന സപ്ലിമെൻററി അജണ്ട ചര്‍ച്ചക്കെടുക്കാതെ കൗണ്‍സിലിന് മാറ്റിവെക്കേണ്ടിവന്നു. 2013ല്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെട്ടിട നികുതി വര്‍ധിപ്പിച്ചെങ്കിലും മട്ടന്നൂര്‍ നഗരസഭ മാത്രം ഈ വര്‍ധന കൊണ്ടുവരാത്തതാണ് ഇപ്പോള്‍ കെട്ടിട ഉടമകള്‍ക്ക് ബാധ്യതയായി മാറുന്നത്. കഴിഞ്ഞ ദിവസം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് കെട്ടിട നികുതി വര്‍ധിപ്പിക്കുന്നതിന് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ നാലുവര്‍ഷത്തെ കുടിശ്ശിക ഉള്‍പ്പെടെ അഞ്ച് വര്‍ഷത്തെ കെട്ടിട നികുതിയും ഒരുമിച്ച് അടക്കണമെന്നാണ് തീരുമാനം. അല്ലാത്തപക്ഷം ഉടമകള്‍ പിഴയും അടക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.