ലൈഫ്മിഷൻ: പ്രായമായവർക്കും രോഗികൾക്കുമായി സൂക്ഷ്മപദ്ധതിക്ക് നിർദേശം

കണ്ണൂർ: ലൈഫ്മിഷൻ ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി പ്രായമായവരും അസുഖം ബാധിച്ചവരുമായ ഗുണഭോക്താക്കളുടെ വീടുകൾ പൂർത്തീകരിക്കുന്നതിനുവേണ്ടി സൂക്ഷ്മപദ്ധതി തയാറാക്കണമെന്ന് ലൈഫ്മിഷൻ ഭവനപദ്ധതി വിലയിരുത്താൻ ചേർന്ന ജില്ലതല യോഗം നിർദേശം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ലൈഫ്മിഷൻ പദ്ധതി പ്രവർത്തനത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പിന്നാക്കംപോവാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയ ഗുണഭോക്താക്കളാണ് നിലവിലുള്ളത്. ഒരു കാരണവശാലും സ്പിൽഓവർ ഭവനങ്ങൾ പൂർത്തിയാക്കുന്നതിന് വിട്ടുവീഴ്ച പാടില്ല. ജില്ലയിലെ മുഴുവൻ സ്പിൽഓവർ വീടുകളും മാർച്ച് 31നകം സമയബന്ധിതമായി പൂർത്തീകരിക്കണം. നിലവിൽ 43 ഗ്രാമപഞ്ചായത്തുകളിൽ സ്പിൽഓവർ പൂർത്തീകരണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ മാഹി, അയ്യൻകുന്ന് ഗ്രാമപഞ്ചായത്തുകൾ സ്പിൽഓവർ ഭവനങ്ങൾ പൂർത്തീകരിച്ചതായി യോഗത്തിൽ റിപ്പോർട്ട്ചെയ്തു. ലൈഫ്മിഷൻ ജില്ല കൺവീനറും േപ്രാജക്ട് ഡയറക്ടറുമായ കെ.എം. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ലൈഫ്മിഷൻ ജില്ല കോഓഡിനേറ്റർ കെ.എൻ. അനിൽ, തദ്ദേശ സ്ഥാപനങ്ങളിലെ നിർവഹണ ഉദ്യോഗസ്ഥർ, ലൈഫ് പദ്ധതി നോഡൽ ഓഫിസർമാർ, പട്ടികജാതി, പട്ടികവർഗ, മൈനോറിറ്റി, ഫിഷറീസ് വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.