എൽ.ഇ.ഡി സൂത്രം കണ്ടാൽ കാട്ടാനയും ഒാടും

കാസർകോട്: കാട്ടാനകളോ പന്നികളോ ഇപ്പോൾ കൈപ്പംഗല രാജഗോപാലയുടെ കൃഷിയിടത്തിലേക്ക് ഇറങ്ങാറില്ല. വനാതിർത്തിയോട് ചേർന്ന പറമ്പി​െൻറ അതിർത്തിയിൽ സ്ഥാപിച്ച എൽ.ഇ.ഡി വിദ്യ കണ്ടാൽ അവ തിരിച്ചോടി അടുത്ത റൂട്ട് അന്വേഷിക്കും. എൽ.ഇ.ഡി വിളക്കുകൾ പ്രത്യേകരീതിയിൽ ക്രമീകരിച്ച് കാട്ടുമൃഗങ്ങളെ തുരത്താനാവുമെന്നാണ് കർഷകനായ രാജഗോപാലയുടെ കണ്ടെത്തൽ. ബെള്ളൂർ പഞ്ചായത്തിലെ നെട്ടണിഗെ സ്വദേശിയായ ഇദ്ദേഹം രൂപപ്പെടുത്തിയ എൽ.ഇ.ഡി സൂത്രം വനംവകുപ്പ് ഉദ്യോഗസ്ഥരും പരീക്ഷിച്ച് പ്രായോഗികമാണെന്ന് അംഗീകരിച്ചു. കാട്ടിൽ ഭക്ഷണവും വെള്ളവും കിട്ടാതാകുേമ്പാൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ തുരത്താൻ വഴിയില്ലാതെ കർഷകർ വലയുന്ന സാഹചര്യമാണ് പുതിയ കണ്ടെത്തലിന് പ്രേരണയായതെന്ന് രാജഗോപാല പറയുന്നു. രാത്രി സഞ്ചരിക്കുന്ന കാട്ടുമൃഗങ്ങൾ തീവ്രതയേറിയ വെളിച്ചം കണ്ടാൽ ഭയന്ന് വഴിമാറിപ്പോകുമെന്ന അറിവാണ് എൽ.ഇ.ഡി സൂത്രത്തി​െൻറ അടിസ്ഥാനം. കൃഷിയിടങ്ങളുടെ അതിരിൽ തീകൂട്ടുകയോ വെളിച്ചം കത്തിച്ചുവെക്കുകയോ ചെയ്യുന്ന രീതി പണ്ടുമുതലേ കർഷകർ പ്രയോഗിക്കാറുണ്ട്. എന്നാൽ, വെളിച്ചം കാണുന്നതി​െൻറ തൊട്ടടുത്ത സ്ഥലത്ത് ആനകളിറങ്ങി കൃഷി നശിപ്പിക്കുകയുംചെയ്യും. നിശ്ചിത ഉയരത്തിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചാൽ പരിഹാരമുണ്ടാകുമെന്നാണ് രാജഗോപാലയുടെ അനുഭവം. തറനിരപ്പിൽനിന്ന് 29 സെ.മീ. ഉയരത്തിൽ വിളക്കുകൾ സ്ഥാപിച്ചാൽ കാട്ടുപന്നികളുടെയും എട്ടടി ഉയരത്തിലായാൽ കാട്ടാനകളുടെയും ഏഴടിയായാൽ കാട്ടുപോത്തുകളുടെയും ആക്രമണം തടയാനാവുമെന്ന് ഇദ്ദേഹം പറയുന്നു. 2016ൽ സ്വന്തം കൃഷിയിടത്തിൽ എൽ.ഇ.ഡി യൂനിറ്റുകൾ സ്ഥാപിച്ചായിരുന്നു രാജഗോപാലയുടെ പരീക്ഷണം. ഒന്നരവർഷത്തോളം ഇൗ വിദ്യ പ്രയോഗിച്ച ഭാഗത്ത് കാട്ടുപന്നികൾ വന്നതേയില്ല. അതേസമയം, വൈദ്യുതിതടസ്സം കാരണം വിളക്കണഞ്ഞ ദിവസങ്ങളിൽ പന്നികൾ കൂട്ടത്തോടെ കൃഷിയിടത്തിലെത്തുകയുംചെയ്തു. സൗരോർജമോ ബാറ്ററിയോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യു.പി.എസ് ചാർജർ, ഇരുവശങ്ങളിലേക്കും വെളിച്ചം പ്രവഹിക്കുന്ന രീതിയിൽ ഒന്നിനു പിന്നിൽ മറ്റൊന്നായി ചേർത്തു ഘടിപ്പിച്ച രണ്ട് എൽ.ഇ.ഡി ബൾബ് പാനലുകൾ, 50 മുതൽ 80 മീറ്റർ വരെ നീളമുള്ള വയറുകൾ എന്നിവ ഉൾപ്പെട്ടതാണ് ഒരു യൂനിറ്റ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് 2017 നവംബറിൽ നാല് എൽ.ഇ.ഡി യൂനിറ്റുകൾ ഇദ്ദേഹം തയാറാക്കി നൽകിയിരുന്നു. യൂനിറ്റുകൾ പരീക്ഷണാർഥം സ്ഥാപിച്ചപ്പോൾ ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതായി കാസർകോട് ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർ എം. രാജീവൻ 'മാധ്യമ'ത്തോട് പറഞ്ഞു. കാട്ടാനകളുടെയും പന്നികളുടെയും ശല്യമുണ്ടാകുന്ന മേഖലയിൽ സർക്കാർ സഹായത്തോടെ കൂടുതൽ യൂനിറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ജനുവരിയിൽ കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൽ സംഘടിപ്പിച്ച ദേശീയ കാർഷിക സമ്മേളനത്തിൽ ഇദ്ദേഹം ഇൗ കണ്ടെത്തൽ അവതരിപ്പിച്ചിരുന്നു. വേണു കള്ളാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.