പഴയങ്ങാടി- -പുതിയങ്ങാടി റോഡ് നവീകരണം പുരോഗമിക്കുന്നു പഴയങ്ങാടി: വീതികുറഞ്ഞ് പതിറ്റാണ്ടുകളായി യാത്രാദുരിതം പേറുന്ന പഴയങ്ങാടി -പുതിയങ്ങാടി റോഡിെൻറ നവീകരണജോലി പുരോഗമിക്കുന്നു. ഗതാഗതം നിരോധിച്ചാണ് പ്രവൃത്തി നടക്കുന്നത്. പഴയങ്ങാടി മാടായിപ്പള്ളി പരിസരം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗം 17ാം തീയതിക്കകം പൂർത്തീകരിക്കാനാണ് ശ്രമം. ഇതിെൻറ ഭാഗമായി രാത്രിയിലും ജോലി നടക്കുന്നുണ്ട്. റോഡിലേക്ക് തള്ളിനിൽക്കുന്ന മതിലുകളും വ്യാപാരസ്ഥാപനങ്ങളുടെ ഭാഗങ്ങളും പൊളിച്ചുനീക്കി ഉടമകൾ റോഡ് നവീകരണവുമായി സഹകരിക്കുന്നുണ്ട്. മാടായിപ്പള്ളി, കുന്നത്തുപള്ളി എന്നിവയുടെ മതിലുകളും പൊളിച്ചുമാറ്റി പള്ളിക്കമ്മിറ്റികളും വികസനത്തിന് സഹായനിലപാടുമായി നീങ്ങിയതോടെ പതിറ്റാണ്ടുകളുടെ ഗതാഗതക്കുരുക്കിനാണ് പരിഹാരമാകുന്നത്. ടി.വി. രാജേഷ് എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ രൂപവത്കരിച്ച ജനകീയസമിതിയും റോഡ് നവീകരണ പ്രവർത്തനങ്ങളിൽ സജീവമാണ്. എസ്.കെ. ആബിദ ടീച്ചറാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. നാല് കി.മീ. റോഡിന് 3.25 കോടി രൂപയാണ് നാലുമാസം മുമ്പ് സർക്കാർ വകയിരുത്തിയത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നവംബർ 25നാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. വീതികൂട്ടി മെക്കാഡം ടാറിങ്ങും കലുങ്ക് നിർമാണവും ഒാവുചാൽ നിർമാണവുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പുതിയ രണ്ട് കലുങ്കുകളുടെ നിർമാണവും നാല് കലുങ്കുകളുടെ വീതികൂട്ടലും നടക്കും. പഴയങ്ങാടി ടൗണിൽ ഏതാണ്ട് പത്തുമീറ്റർ വീതിയിലാണ് റോഡ് ക്രമീകരിക്കുന്നത്. ഇതിൽ അഞ്ചരമീറ്റർ മുതൽ ആറു മീറ്റർ വരെ വീതിയിൽ മെക്കാഡം ടാറിങ് നടത്തും. ജോലി ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം മുടങ്ങിയിരുന്നു. തുടർന്ന് ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയസമിതിയും നാട്ടുകാരും കരാറുകാരെൻറ വീട്ടിൽ പോയി സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് മൂന്നുദിവസം മുമ്പ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.