കാസർകോട്: സംസ്ഥാന ബജറ്റ് ജില്ലക്ക് സമ്മാനിച്ചത് പ്രതീക്ഷകൾക്കൊപ്പം നിരാശയും. കാസർകോട് വികസനപാക്കേജിന് 95 കോടിയും എൻഡോസൾഫാൻ ദുരിതപരിഹാര, പുനരധിവാസ പാക്കേജിന് 50 കോടി രൂപയും കാസർകോട് മത്സ്യതുറമുഖ വികസനത്തിന് 59 കോടി, മഞ്ചേശ്വരം മത്സ്യതുറമുഖത്തിന് 30 കോടി രൂപയും നീക്കിവെച്ച ബജറ്റിൽ കാഞ്ഞങ്ങാടും ചീമേനിയിലും വ്യവസായ പാർക്ക്, ജില്ലയിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ, ഹോം സ്റ്റേ, കിനാനൂർ കരിന്തളം പഞ്ചായത്തിൽ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നീ പദ്ധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എങ്ങുമെത്താത്ത മലയോര ഹൈവേക്കും വികസനംകൊതിക്കുന്ന ജില്ലയുടെ വിനോദസഞ്ചാരമേഖലക്കും തുക വകയിരുത്തിയില്ല. 2013ൽ തറക്കല്ലിട്ട മെഡിക്കൽ കോളജിെൻറ ചികിത്സാവിഭാഗത്തിെൻറ നിർമാണത്തിന് ഇത്തവണ ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. മലയോര ഹൈവേക്കും ഫണ്ടില്ല. ജില്ലയിലെ പ്രധാന റോഡുകളുടെ നവീകരണത്തിനും ബജറ്റിൽ തുക നീക്കിവെച്ചിട്ടില്ല. കാസർകോട് മണ്ഡലത്തിലെ പത്തോളം റോഡുകളുടെ നവീകരണത്തിന് തുക അനുവദിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ സമർപ്പിച്ച നിർദേശങ്ങളിൽ ആവശ്യമുന്നയിച്ചിരുന്നു. ഒാരോ മണ്ഡലത്തിലെയും എം.എൽ.എമാരോട് ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി 40 പ്രവൃത്തികളുടെ നിർദേശങ്ങൾ സമർപ്പിക്കാനാണ് ധനമന്ത്രിയുടെ ഒാഫിസിൽനിന്ന് ആവശ്യപ്പെട്ടിരുന്നത്. ജില്ലയിൽനിന്ന് അയച്ച നിർദേശങ്ങൾ പലതും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെനാണ് ആക്ഷേപം. മിക്ക പദ്ധതികൾക്കും 100 രൂപ ടോക്കൺ തുകയായി നീക്കിവെക്കുകയാണ് ചെയ്തത്. ടോക്കൺ വെച്ച പദ്ധതികൾ യാഥാർഥ്യമാകണമെന്നില്ല. അവക്ക് ഫണ്ടും ഭരണാനുമതിയും ലഭിക്കാനുള്ള സാധ്യതയും വിരളമാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.