ഷുഹൈബി​െൻറ വീട്​ എ​.കെ. ആൻറണി സന്ദർശിച്ചു: കൊലപാതകികളെ പറഞ്ഞയച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവര​ണം

മട്ടന്നൂര്‍: ഷുഹൈബിനെ കൊലപ്പെടുത്തിയവരെ മാത്രം പിടിച്ചാല്‍ പോരെന്നും ആസൂത്രണം നടത്തി കൊലപാതകികളെ പറഞ്ഞയച്ചവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാൻ ഏതറ്റംവരെയും പോകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബി​െൻറ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങളോളം ആസൂത്രണംചെയ്ത് ഉന്നതങ്ങളിലെ നിര്‍ദേശപ്രകാരം നടപ്പാക്കിയ കൊലപാതകമാണിത്. കൊലപാതകത്തിനുശേഷം കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ ഏത് അന്വേഷണത്തിനും തയാറാണെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു. ഇതിനുശേഷം സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അവര്‍ക്ക് എന്തോ മറച്ചുവെക്കാനുണ്ട്. അത് പുറത്താകുമെന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്. സംസ്ഥാന സര്‍ക്കാറി​െൻറ എതിര്‍പ്പുണ്ടായാലും സി.ബി.ഐ അന്വേഷണത്തിന് ഏതറ്റംവരെയും പോകുമെന്നും ആൻറണി പറഞ്ഞു. എ.ഐ.സി.സി അംഗം ദീപ്തി മേരി വര്‍ഗീസ്, ഷാനിമോള്‍ ഉസ്മാൻ, കെ.സി. ജോസഫ് എം.എല്‍.എ, ചന്ദ്രന്‍ തില്ലങ്കേരി, എ.പി. അബ്ദുല്ലക്കുട്ടി, ജോഷി കണ്ടത്തിൽ, വി.ആര്‍. ഭാസ്‌കരൻ, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കളും ആൻറണിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.