കീഴാറ്റൂർ സമരത്തിൽ ബി.ജെ.പിയുേടത് ഇരട്ടത്താപ്പ് നയം -കോടിയേരി കണ്ണൂർ: കീഴാറ്റൂരിലെ സമരത്തെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയതിലൂടെ അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തളിപ്പറമ്പ് കീഴാറ്റൂരിൽ ബൈപാസിനുള്ള സ്ഥലം നിശ്ചയിച്ചത് ദേശീയപാത അതോറിറ്റിയാണ്. ഇൗ സ്ഥലം ഏറ്റെടുത്തുനൽകാനുള്ള ചുമതലയാണ് എൽ.ഡി.എഫ് സർക്കാറിനുള്ളത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ കീഴിലുള്ള ദേശീയപാത അതോറിറ്റി സ്ഥലം നിശ്ചയിക്കുന്നു. അവർതന്നെ സമരത്തിന് പിന്തുണയും നൽകുന്നു. ഇൗ ഇരട്ടത്താപ്പ് കീഴാറ്റൂരിലെ ജനം തിരിച്ചറിയും. വികസിതകേരളമെന്ന എൽ.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പാര്‍ട്ടി കേന്ദ്രമായതുകൊണ്ടുമാത്രം പ്രദേശത്തുകൂടെ റോഡ് വരരുതെന്ന് പറയാനാവില്ല. ഗതാഗത തിരക്കേറിയ തളിപ്പറമ്പില്‍ ബൈപാസ് അത്യാവശ്യമാണ്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തുകൊടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകും. എന്നാൽ, വികസനത്തിെൻറ പേരിൽ ആരെയും കണ്ണീരുകുടിപ്പിക്കില്ലെന്നും സ്ഥലം വിട്ടുനൽകുന്നവർക്ക് ആശ്വാസപദ്ധതികളേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി തോമസ് ചാണ്ടി വിഷയത്തിൽ കലക്ടറുടെ അന്തിമ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. റിപ്പോർട്ട് വന്നശേഷം നടപടി സ്വീകരിക്കും. ആര് തെറ്റുചെയ്താലും സി.പി.എം സംരക്ഷിക്കില്ല. എന്നാൽ, ആരോപണത്തിെൻറ പേരിൽ ആരെയും ക്രൂശിക്കില്ലെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.