സർസയ്യിദ് കോളജ് @50

തളിപ്പറമ്പ്: റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി. ഖാലിദി​െൻറ നേതൃത്വത്തിൽ 50 വർഷംമുമ്പ് തലശ്ശേരിയിൽ ചേർന്ന യോഗത്തിലാണ് ന്യൂനപക്ഷങ്ങളിലെയും പിന്നാക്കസമുദായങ്ങളിലെയും ജനതയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഒരു സ്ഥാപനം തുടങ്ങുക എന്ന ആശയം ഉടലെടുത്തത്. തുടർന്ന് സ്വാതന്ത്ര്യസമരത്തിലെ നായകന്മാരിലൊരാളായ സർസയ്യിദ് അഹമ്മദ് ഖാ​െൻറ നാമഥേയത്തിൽ 1967ൽ തളിപ്പറമ്പി​െൻറ മണ്ണിൽ സർസയ്യിദ് കോളജ് പിറവിയെടുത്തു. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ഇ.എം.എസായിരുന്നു കേളജ് ഉദ്‌ഘാടനം ചെയ്തത്. കേരള സർവകലാശാലക്കുകീഴിൽ 339 കുട്ടികളായിരുന്നു അന്ന് കോളജിൽ പഠനത്തിനെത്തിയത്. ആദ്യം കേരള സർവകലാശാലക്ക് കീഴിലായിരുന്ന കോളജ് പിന്നീട് കോഴിക്കോട് സർവകലാശാലയുടെ കീഴിലും ഇപ്പോൾ കണ്ണൂർ സർവകലാശാലയുടെ കീഴിലുമാണ് പ്രവർത്തിക്കുന്നത്. വളർച്ചയുടെ ഓരോ പടവുകളിലും ഘട്ടംഘട്ടമായി ബിരുദ -ബിരുദാനന്തര കോഴ്‌സുകൾ ഒന്നൊന്നായി ആരംഭിച്ചു. വിദ്യാഭ്യാസമേഖലയിൽ മലബാറിൽ തിളങ്ങിനിൽക്കുന്ന കോളജിൽ ഇന്ന് 13 ബിരുദ കോഴ്‌സുകളും അഞ്ചു ബിരുദാനന്തര കോഴ്‌സുകളുമുണ്ട്. 1500ലധികം വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവുമുണ്ട്. ഇപ്പോൾ ഭൂരിഭാഗം പഠിതാക്കളും പെൺകുട്ടികളാണ്. പ്രമുഖർ ഉൾപ്പെടെ 45,954 പേർ ഈ കലാലയത്തിൽ പഠിച്ചിറങ്ങിയവരിൽപെടും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ലക്ഷ്വദീപ് എം.പി മുഹമ്മദ് ഫൈസൽ, മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് തുടങ്ങിയവർ കോളജിലെ പൂർവവിദ്യാർഥികളാണ്. 76 അധ്യാപകരും 34 അനധ്യാപകരും ഇപ്പോൾ കോളജിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഡോ. പി.ടി. അബ്ദുൽ അസീസാണ് പ്രിൻസിപ്പൽ. കെ. അബ്ദുൽ ഖാദർ പ്രസിഡൻറും കെ.വി. മുഹമ്മദ് കുഞ്ഞി ജനറൽ സെക്രട്ടറിയും പി. മഹമൂദ് മാനേജറുമായ കമ്മിറ്റിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.