നിയമസഭ ഹാസ്യനാടകത്തിെൻറ രംഗവേദിയാണെന്ന തെറ്റിദ്ധാരണ മാറണം-----സ്പീക്കർ കണ്ണൂർ: നിയമസഭ മുഴുനീള ഹാസ്യനാടകത്തിെൻറ രംഗവേദിയാണെന്ന തെറ്റായ സങ്കൽപമാണ് പൊതുജനങ്ങൾക്കുള്ളതെന്നും അത് മാറണമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല്യാശ്ശേരി കെ.പി.ആർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മാതൃക നിയമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളുടെ പേരിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോകുന്ന പ്രതിപക്ഷം അഞ്ചുമിനിറ്റിനുള്ളിൽ സഭയിലേക്ക് തിരിച്ചുവരാറുണ്ടെന്ന കാര്യം പലർക്കും അറിയില്ല. നിയമസഭാ സമ്മേളനത്തോടെ തീരുന്നതല്ല നിയമസഭയുടെ പ്രവർത്തനങ്ങൾ. അതിെൻറ കീഴിൽ തുല്യഅധികാരത്തോടെയുള്ള 36 നിയമസഭാ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചകളിലുമാണ് ഇവ യോഗം ചേരുന്നത്. രാജ്യത്തിെൻറ പുരോഗതിക്കനിവാര്യവും ജനഹിതങ്ങൾക്കനുസൃതവുമായ സുപ്രധാന നിയമനിർമാണങ്ങളും അവയുമായി ബന്ധപ്പെട്ട ചർച്ചകളും ഗൗരവത്തോടെ നടക്കുന്ന ഇടം കൂടിയാണ് നിയമസഭ. എന്നാൽ, പലപ്പോഴും ചാനലുകളിലെ ആക്ഷേപ ഹാസ്യപരിപാടികളായാണ് നിയമസഭാ വാർത്തകൾ പുറംലോകത്തെത്തുന്നത്. അവിടെ നടക്കുന്ന ഗൗരവതരവും ജനോപകാരപ്രദവുമായ കാര്യങ്ങളും അതോടൊപ്പം ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തയാറാവണമെന്നും സ്പീക്കർ പറഞ്ഞു. ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജെയിംസ് മാത്യു എം.എൽ.എ, ടി.വി. രാജേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, നിയമസഭ സെക്രട്ടറി വി.കെ ബാബുപ്രകാശ്, ഇ.കെ. നായനാരുടെ സഹധർമിണി ശാരദ ടീച്ചർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.