തലശ്ശേരി: നഗരത്തിൽ നോക്കുകുത്തിയായി ഒരു പൊലീസ് എയ്ഡ്പോസ്റ്റ്. പുതിയ ബസ്സ്റ്റാൻഡിൽ ട്രാഫിക് പൊലീസിന് വേണ്ടി സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി വർഷങ്ങൾക്ക് മുമ്പ് നിർമിച്ചുനൽകിയ എയ്ഡ്പോസ്റ്റാണ് പൊലീസ് ഉപയോഗിക്കാത്തതിനാൽ നോക്കുകുത്തിയായി മാറിയത്. അടച്ചുറപ്പില്ലാത്തതിനാൽ പൊലീസ് എയ്ഡ്പോസ്റ്റ് ഇപ്പോൾ സാമൂഹികവിരുദ്ധരും മറ്റും കൈയടക്കിവെച്ചിരിക്കുകയാണ്. ബസ്സ്റ്റാൻഡിൽ ഇപ്പോൾ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് നിർത്തിയിടുന്ന സ്ഥലത്ത് ട്രാഫിക് പൊലീസിനായി മറ്റൊരു എയ്ഡ്പോസ്റ്റ് വന്നതോടുകൂടിയാണ് പഴയ എയ്ഡ്പോസ്റ്റ് ഉപേക്ഷിച്ചത്. ബസ്സ്റ്റാൻഡിനകത്ത് ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് നിലവിൽ ഡ്യൂട്ടിയിലുള്ളത്. കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, കൊട്ടിയൂർ, ഇരിട്ടി ഭാഗത്തേക്കുള്ള ബസുകളുടെ വരവും പോക്കും മാത്രമെ ഡ്യൂട്ടിയിലുള്ള പൊലീസുകാരെൻറ ശ്രദ്ധയിൽപെടാറുള്ളൂ. എന്നാൽ, ഇടതുഭാഗത്ത് നിർത്തിയിടുന്ന പാനൂർ, കടവത്തൂർ, നാദാപുരം, വടകര, കോഴിക്കോട് ബസുകളുടെ ചലനങ്ങൾ നിരീക്ഷിക്കാൻ പൊലീസിന് സാധിക്കാറില്ല. സമയക്രമീകരണം സംബന്ധിച്ച് ബസ് ജീവനക്കാരും ഏജൻറുമാരും സ്റ്റാൻഡിനകത്ത് പലപ്പോഴും വാക്കേറ്റം നടക്കാറുണ്ട്. മുമ്പ് സ്റ്റാൻഡിനകത്ത് നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. പാസഞ്ചർ ലോബിയിൽ സാമൂഹികവിരുദ്ധരുടെയും പിടിച്ചുപറിക്കാരുടെയും ശല്യവും അസഹനീയമാണ്. ബസ്സ്റ്റാൻഡിൽ കൂടുതൽ പൊലീസിനെ ഡ്യൂട്ടിക്ക് നിർത്തണമെന്നും പഴയ എയ്ഡ്പോസ്റ്റ് നിലനിർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ തലശ്ശേരി: അന്താരാഷ്ട്രവിപണിയിൽ അരലക്ഷം രൂപയോളം വിലവരുന്ന ആറുഗ്രാം ബ്രൗൺഷുഗറുമായി യുവാവിനെ തലശ്ശേരി പൊലീസ് പിടികൂടി. വടകര ആവിക്കൽവളപ്പിൽ നജീബിനെയാണ് (29) തലശ്ശേരി സി.െഎ കെ.ഇ. പ്രേമചന്ദ്രനും സംഘവും പിടികൂടിയത്. ബുധനാഴ്ച രാത്രി ജൂബിലി റോഡിൽ സംശയാസ്പദമായി കണ്ടെത്തിയ നജീബിനെ ചോദ്യംചെയ്യുന്നതിനിടെ ദേഹത്ത് ഒളിപ്പിച്ചനിലയിൽ ബ്രൗൺഷുഗർ പൊലീസ് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.