മംഗളൂരു: ഡിവൈ.എസ്.പി എം.കെ. ഗണപതിയുടെ ആത്മഹത്യയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍ അന്വേഷണം ഇഴയുന്നു. മംഗളൂരു വെസ്റ്റേണ്‍ ഐ.ജി കാര്യാലയത്തില്‍ ഡിവൈ.എസ്.പിയായിരിക്കെ കഴിഞ്ഞവര്‍ഷം ജൂലൈ ഏഴിന് ഗണപതി മടിക്കേരിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചതിനെത്തുടര്‍ന്ന് ജൂലൈ 13നാണ് കമീഷന്‍ നിയോഗിച്ചത്. ഹൈകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കേശവനാരായണക്ക് ആറുമാസം കാലാവധിയാണ് നല്‍കിയി രുന്നത്. എന്നാല്‍, 13 മാസം കഴിഞ്ഞിട്ടും അന്വേഷണറിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭ്യമായില്ല. കമീഷന്‍ 45 പേരെ വിസ്തരിച്ചുവെന്നും റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നുമാണ് ഗണപതിയുടെ പിതാവ് കുശലപ്പ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഫയല്‍ചെയ്ത ഹരജിയില്‍ കര്‍ണാടക സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. ആഭ്യന്തര മന്ത്രിയായിരുന്ന ബംഗളൂരു വികസന-നഗര ആസൂത്രണ മന്ത്രി കെ.ജെ. ജോര്‍ജ്, എ.ഡി.ജി.പി എ.എം. പ്രസാദ്, പൊലീസ് ഐ.ജി പ്രൊണബ് മൊഹന്തി എന്നിവര്‍ പ്രതികളായ കേസ് അന്വേഷിച്ച സി.ഐ.ഡി മൂവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം ഹൈകോടതി തള്ളിയിരുന്നു. എന്നാല്‍, സുപ്രീംകോടതി ചൊവ്വാഴ്ച സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയാണുണ്ടായത്. സി.ഐ.ഡി അന്വേഷണം ചില സന്ദേഹങ്ങള്‍ ഉയർത്തുന്നുണ്ടെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. എക്സിക്യൂട്ടിവ് അധികാരങ്ങളില്ലാതെ വകുപ്പുതല അന്വേഷണങ്ങളുടെ ഭാഗമായി ഐ.ജി കാര്യാലയത്തില്‍ സേവനം ചെയ്യുന്ന ഡിവൈ.എസ്.പി എങ്ങനെ സര്‍വിസ് റിവോള്‍വര്‍ കൈവശംവെച്ചു? സീലിങ്ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ട മൃതദേഹത്തിനരികെ റിവോള്‍വറുണ്ടായിരുന്നു. തൂങ്ങാന്‍ ഉപയോഗിച്ച ബെല്‍റ്റിനെക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. സംഭവദിവസം മംഗളൂരുവില്‍നിന്ന് മടിക്കേരിയിലെത്തിയ ഡിവൈ.എസ്.പി ബംഗളൂരുവിലേക്ക് പോവുന്നുവെന്നാണ് ഭാര്യയോട് പറഞ്ഞത്. എന്നാല്‍, രാവിലെ 11.30ന് മടിക്കേരിയിലെ പ്രാദേശിക ചാനലിന് അഭിമുഖം നല്‍കിയ ഗണപതി രാത്രി 7.30ന് ആത്മഹത്യയും ചെയ്തു. ഡിവൈ.എസ്.പിയെ അവസാനമായി കണ്ട ആളുടെ മൊഴി സി.ഐ.ഡി രേഖപ്പെടുത്തിയോ?- ഇതെല്ലാം അന്വേഷണത്തിെൻറ ദൗര്‍ബല്യമാണ് സൂചിപ്പിക്കുന്നതെന്നാണ് സുപ്രീംകോടതി നിരീക്ഷണം. സി.ബി.ഐ അന്വേഷണം പ്രതീക്ഷ നല്‍കുന്നതായി ഡിവൈ.എസ്.പിയുടെ വിധവ പവന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.