സാമ്പത്തിക മാന്ദ്യം: മലപ്പുറത്ത് 4,000 ചെറുകിട വ്യവസായങ്ങൾ പൂട്ടി മലപ്പുറം: സാമ്പത്തിക മാന്ദ്യം അതിരൂക്ഷമായി ബാധിച്ചത് ചെറുകിട വ്യവസായ മേഖലയെ. മലപ്പുറം ജില്ലയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 4,000 ചെറുകിട വ്യവസായ യൂനിറ്റുകൾ പൂട്ടിയതായി ജില്ല വ്യവസായ കേന്ദ്രത്തിെൻറ റിപ്പോർട്ട്. 2011ലെ സർവേ പ്രകാരം ജില്ലയിൽ 16,000 യൂനിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഇതിൽ 4,000 എണ്ണം പൂട്ടിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ പുതിയ സർവേ 76 ശതമാനം പൂർത്തിയായപ്പോഴാണ് ഇത്രയും യൂനിറ്റുകൾ ഇല്ലെന്ന് വ്യക്തമായത്. ഏറ്റവും ചെറിയ സംരംഭങ്ങളാണ് പൂട്ടിയത്. സാമ്പത്തിക മാന്ദ്യവും വൻകിട യൂനിറ്റുകളിൽനിന്നുള്ള കടുത്ത മത്സരവുമാണ് ഇതിന് കാരണമായത്. നോട്ടുനിരോധനവും ജി.എസ്.ടിയും തിരിച്ചടിയായി. ക്ലസ്റ്റർ വികസനത്തിൽ ഉൾപ്പെടുത്തി ഇവയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ആവശ്യമാണെന്ന് വ്യവസായ വകുപ്പ് പറയുന്നു. ജില്ലയിൽ ഭക്ഷ്യവസ്തു, ജനറൽ എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ് ചെറുകിട സംരംഭങ്ങളിൽ ഏറെയും. കൊണ്ടോട്ടി, നിലമ്പൂർ, വണ്ടൂർ, അരീക്കോട്, പെരിന്തൽമണ്ണ, വേങ്ങര േബ്ലാക്കുകളിലാണ് ഇവയിലധികവുമുള്ളത്. നോട്ടുനിരോധനവും ജി.എസ്.ടിയും ഇവയുടെ ഉൽപാദനത്തെയും വിറ്റുവരവിെനയും സാരമായി ബാധിച്ചു. ഗൾഫ് പ്രതിസന്ധിയും വ്യവസായ വളർച്ചക്ക് വിഘാതമായി. ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങി. ചെറുകിട വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട കിട്ടാക്കടം ബാങ്കുകളിൽ പെരുകുകയാണ്. സാമ്പത്തികമാന്ദ്യം തുടർന്നാൽ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. സർക്കാറിെൻറ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് വ്യവസായ സംരംഭകർ പറയുന്നു. ജില്ലയിൽ 32 തദ്ദേശഭരണ സ്ഥാപനങ്ങളിൽ വ്യാവസായികാവശ്യത്തിനായി നീക്കിവെച്ച 56 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തണമെന്ന് വ്യവസായ വകുപ്പ് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.