ഗെയിൽ സമരച്ചൂടിൽ എരഞ്ഞിമാവ്; എതിർപ്പ്​ ശക്​തമായതോടെ പൊലീസ്​ പിൻവാങ്ങി

എരഞ്ഞിമാവ്–കോഴിക്കോട് റോഡ് സ്തംഭിച്ചു കീഴുപറമ്പ്: മലപ്പുറം, കോഴിക്കോട് ജില്ല അതിർത്തിയായ എരഞ്ഞിമാവിൽ 28 ദിവസമായി തുടരുന്ന ഗെയിൽ വിരുദ്ധസമരം വെള്ളിയാഴ്ച ശക്തി പ്രാപിച്ചു. പൊലീസും സമരക്കാരും തമ്മിൽ നേർക്കുനേർ വന്നെങ്കിലും സമരക്കാരുടെ ചെറുത്തുനിൽപ്പിനാൽ പൊലീസിന് പദ്ധതി പ്രദേശത്തേക്ക് കയറാനായില്ല. സ്ത്രീകളും വൃദ്ധരുമടക്കമുള്ള നൂറുകണക്കിന് സമരക്കാരുടെ എതിർപ്പ് മൂലമാണ് നാല് മണിക്കൂർ മുഖാമുഖം നിന്നിട്ടും അമ്പതോളം പൊലീസുകാർക്ക് ഒടുവിൽ തിരിച്ചുപോവേണ്ടിവന്നത്. സമരക്കാരെ നീക്കം ചെയ്ത് പൈപ് ലൈൻ സ്ഥാപിക്കാൻ തൊഴിലാളികളെ ഇറക്കാനുള്ള പൊലീസ് നീക്കമാണ് താൽക്കാലികമായി പരാജയപ്പെട്ടത്. സമരസമിതിയുടെ മുഖ്യരക്ഷാധികാരി കൂടിയായ എം.ഐ. ഷാനവാസ് എം.പിയുടെ നേതൃത്വത്തിലാണ് എരഞ്ഞിമാവ്–ചെറുവാടി–കോഴിക്കോട് റോഡ് മൂന്നര മണിക്കൂർ ഉപരോധിച്ചത്. നേരത്തേ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് മടങ്ങിയ എം.പി, പൊലീസ് സംഘടിച്ചെത്തിയതറിഞ്ഞ് വീണ്ടുമെത്തി ഉപരോധത്തിന് നേതൃത്വം നൽകുകയായിരുന്നു. മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാറും ഗെയിൽ അധികൃതരും സ്വീകരിക്കുന്നതെന്നും ഇതവസാനിപ്പിക്കാതെ സമരത്തിൽ നിന്ന് പിൻമാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തിനാരംഭിച്ച സമരം വൈകീട്ട് മൂന്നിന് പൊലീസ് തിരിച്ചുപോയ ശേഷമാണവസാനിച്ചത്. സമരസമിതി ഭാരവാഹികളായ സി.പി. ചെറിയ മുഹമ്മദ്, ഗഫൂർ കുറുമാടൻ, വെൽഫയർ പാർട്ടി ജില്ല സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. നൗഷാദ് അലി, സി.ജെ. ആൻറണി എന്നിവർ സംസാരിച്ചു. മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷ്റഫ്, എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയംഗം പി.പി. ഷൗക്കത്തലി, ജനപ്രതിനിധികളായ സി.കെ. ഖാസിം, കെ.വി. റൈഹാന ബേബി, സുജ ടോം, ജി. അബ്ദുൽ അക്ബർ, നജീബ് കാരങ്ങാടൻ, സമരസമിതി ഭാരവാഹികളായ കെ.ടി. മൻസൂർ, അലവിക്കുട്ടി കാവനൂർ, ബാവ പവർവേൾഡ്, ബഷീറുദ്ദീൻ പുതിയോട്ടിൽ എന്നിവർ നേതൃത്വം നൽകി. നമസ്കാരം നടുറോഡിൽ കീഴുപറമ്പ്: സമരസമിതി പ്രവർത്തകർ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പള്ളിയിൽ പോകുന്ന സമയം പദ്ധതി പ്രദേശത്തേക്ക് തൊഴിലാളികളെ കയറ്റാനുള്ള പൊലീസ് നീക്കം പരാജയെപ്പട്ടു. സമരം നടക്കുന്ന എരഞ്ഞിമാവ്–ചെറുവാടി–കോഴിക്കോട് റോഡിൽ തന്നെ ളുഹ്ർ നമസ്കാരം നിർവഹിച്ചാണ് ഇൗ നീക്കത്തെ സമരക്കാർ പൊളിച്ചത്. ചർച്ച പരാജയം കീഴുപറമ്പ്: ഉപരോധസമരം പുരോഗമിക്കുന്നതിനിടെ സമരത്തിന് നേതൃത്വം നൽകുന്ന എം.ഐ. ഷാനവാസ് എം.പിയുമായി ഗെയിൽ അധികൃതർ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ജനവാസകേന്ദ്രത്തിൽ നിന്ന് പൈപ് ലൈൻ മാറ്റാതെ പ്രശ്നപരിഹാരമാകില്ലെന്ന ജനവികാരം എം.പി അറിയിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല. സ്ഥലത്തെ സാഹചര്യം ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് എം.ഐ. ഷാനവാസ് എം.പി ഫോണിൽ ധരിപ്പിച്ചു. ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. arekode gail1) ഗെയിൽ വിരുദ്ധസമരഭാഗമായി എം.ഐ. ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ എരഞ്ഞിമാവ്–ചെറുവാടി–കോഴിക്കോട് റോഡ് ഉപരോധിക്കുന്നു arekode gail2) എരഞ്ഞിമാവിൽ ഗെയിൽ സമരസമിതി പ്രവർത്തകർ റോഡിൽ ളുഹ്ർ നമസ്കാരം നിർവഹിച്ചപ്പോൾ arekode gail3) എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.