മാഹി: വെസ്റ്റ് പള്ളൂർ ഗവ.എൽ.പി സ്കൂൾ അധ്യാപകനെതിരെ നടക്കുന്ന ഗൂഢാലോചനയിൽ പ്രതിഷേധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ ധർണ നടത്തി. ആരോപണ വിധേയനായ അധ്യാപകനെ അപമാനിക്കുന്നതിനും നിയമക്കുരുക്കിൽ അകപ്പെടുത്താനുമുള്ള തൽപരകക്ഷികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ, എസ്.പി എന്നിവർക്ക് പി.ടി.എ ഭാരവാഹികൾ ധർണക്കുശേഷം നിവേദനവും നൽകി. നാലാം ക്ലാസിൽ ക്വിസ് മത്സരം നടത്തിയതിന് 19 വിദ്യാർഥികളെ അധ്യാപകൻ ദേഹോപദ്രവമേൽപിച്ചതായി ആരോപിച്ച് എൻ.എസ്.യു (ഐ) മാഹി ചൈൽഡ് ലൈനിൽ നൽകിയ പരാതിയാണ് വിവാദമായത്. അധ്യാപകനെതിരായ വ്യാജ പരാതിയിൽ ഗുരുതരകുറ്റം ചുമത്തി കേസെടുക്കാനുള്ള നീക്കത്തിൽ ഗവ. സ്കൂൾ ടീച്ചേർസ് അസോസിയേഷൻ പ്രതിഷേധിച്ചു. പൊതു വിദ്യാലയത്തെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിച്ച് തകർക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് യോഗം ആരോപിച്ചു. വിദ്യാലയത്തിലെ ഒരു കുട്ടിക്കോ രക്ഷിതാവിനോപോലും പരാതിയില്ലാത്ത സാഹചര്യത്തിൽ അധ്യാപകനെതിരെയുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ജി.എസ്.ടി.എ ആവശ്യപ്പെട്ടു. അധ്യാപകനെതിരെ ഗുരുതര കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടിയിൽ ഫെഡറേഷൻ ഓഫ് സർവിസ് അസോസിയേഷൻ മാഹി പ്രതിഷേധിച്ചു. അതേസമയം, കുട്ടികളെ ക്ലാസ് നഷ്ടപ്പെടുത്തി പൊരിവെയിലത്ത് സമരത്തിനിറക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് മാഹി മേഖല സംയുക്ത അദ്ധ്യാപക രക്ഷാകർതൃസമിതി പ്രസ്താവനയിൽ പറഞ്ഞു. അസംബ്ലിക്ക് ശേഷം കുട്ടികളെ ക്ലാസിൽ കയറ്റാതെ സ്കൂൾ ഗേറ്റിനടുത്ത് സമരം ചെയ്യിച്ച നടപടിയെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ മാഹി അഡ്മിനിസ്ട്രേറ്റർ, വിദ്യാഭ്യാസ മേലധ്യക്ഷൻ എന്നിവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.