സോളാർ കേസിൽ നിയമോപദേശം തേടിയത് കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ -കോടിയേരി സോളാർ കേസിൽ നിയമോപദേശം തേടിയത് കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ -കോടിയേരി പയ്യന്നൂർ: സോളാർ കേസിൽ പുതുതായി നിയമോപദേശം േതടാനുള്ള കാരണം കുറ്റവാളികൾ രക്ഷപ്പെടുന്നതിലെ പഴുതടക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പയ്യന്നൂരിൽ എൽ.ഡി.എഫ് ജനജാഗ്രത യാത്രക്കു നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതനേതാക്കളാണ് പ്രതിസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ കേസ് കോടതിയിൽ നിലനിൽക്കുന്നതിനുള്ള കരുതൽ സർക്കാർ കാണിക്കേണ്ടതുണ്ട്. അഴിമതിക്കാരെയും സ്ത്രീകൾക്കു നേരെ അതിക്രമം കാണിക്കുന്നവരെയും നിയമത്തിനു വിധേയമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. നിയമം നിയമത്തിെൻറ വഴിക്ക് എന്നാണ് ഉമ്മൻ ചാണ്ടി പറയാറുള്ളത്. എന്നാൽ, നിയമം നീതിയുടെയും ന്യായത്തിെൻറയും വഴിയിൽ എന്നതാണ് സർക്കാർനിലപാട്. കേരളസർക്കാറിെൻറ പ്രവർത്തനങ്ങൾ ഇതരസംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ദേശീയതലത്തിൽ ഇത് കോൺഗ്രസിനും ബി.ജെ.പിക്കും ഭീഷണിയാവുമെന്ന് ഭയന്നാണ് ഇവർ കേരളസർക്കാറിനെതിരെ തിരിയുന്നത്. കേരളം പിടിച്ചെടുക്കാനാവുമെന്നാണ് സംഘ്പരിവാർ കണക്കുകൂട്ടൽ. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽ ഗോരക്ഷായാത്ര നടത്തുമ്പോൾ ഇവിടെ ജനരക്ഷായാത്ര നടത്തിയത്. എന്നാൽ, വെങ്ങര ഉപതെരഞ്ഞെടുപ്പോടെ ആ പ്രതീക്ഷ ഇല്ലാതായി. യാത്ര കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. മിശ്രവിവാഹത്തെ ലൗ ജിഹാദ് എന്നുപറഞ്ഞ് ആക്ഷേപിച്ച ബി.ജെ.പിക്കേറ്റ തിരിച്ചടിയാണ് ഹൈകോടതിയുടെ വ്യാഖ്യാനം. ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായ ആർ.എസ്.എസാണ് കേരളം തീവ്രവാദികളുടെ നാടെന്നു പറഞ്ഞ് ആക്ഷേപിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കെ.വി. ബാബു അധ്യക്ഷതവഹിച്ചു. സത്യൻ മൊകേരി സംസാരിച്ചു. ടി.ഐ. മധുസൂദനൻ സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ പയ്യന്നൂരിൽ ജില്ല സംസ്ഥാന നേതാക്കൾ ചേർന്ന് യാത്രയെ സ്വീകരിച്ചു. എം.പിമാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, സി. കൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ്കുമാർ, നേതാക്കളായ പി.പി. ദിവാകരൻ, കെ.കെ. ജയപ്രകാശ്, ശശീന്ദ്രൻ തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.