ഹോസ്റ്റലിൽ താമസിച്ചിരുന്ന 180 വിദ്യാർഥികളിൽ 120 പേരാണ് അക്രമം ഭയന്ന് കോളജിൽ അഭയംതേടിയത് കാസർകോട്: സംഘർഷം കാരണം ചെങ്കള ബേർക്കയിലെ ഹോസ്റ്റൽ വിട്ട് കോളജ് കെട്ടിടത്തിൽ അഭയംതേടിയ എൽ.ബി.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് തിരിച്ചുപോകണമെന്ന പി.ടി.എ നിർവാഹകസമിതി യോഗ നിർദേശം അംഗീകരിക്കാൻ തയാറായില്ല. ഹോസ്റ്റലിലെ അക്രമം ഭയന്ന് കോളജിൽ അഭയംതേടിയ 120 കുട്ടികളാണ് പി.ടി.എ നിർദേശം തള്ളിയത്. ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ എം.എസ്.എഫ് പ്രവർത്തകനായ ആദിലിനും എസ്.എഫ്.ഐ പ്രവർത്തകനായ ഷഹബാസിനും പരിക്കേറ്റിരുന്നു. കോളജിൽ കഴിഞ്ഞയാഴ്ചയുണ്ടായ എസ്.എഫ്.ഐ -യു.ഡി.എസ്.എഫ് സംഘർഷത്തിെൻറ തുടർച്ചയായാണ് ഹോസ്റ്റലിൽ അക്രമമുണ്ടായത്. അക്രമം ഭയന്ന് ഹോസ്റ്റലിൽ താമസിച്ചിരുന്ന 180 പേരിൽ 120 പേരാണ് ഒഴിവുദിവസമായിട്ടും ബുധനാഴ്ച ഉച്ചയോടെ കിടക്കയും ബാഗുകളുമായി കോളജിൽ അഭയംതേടിയത്. സുരക്ഷിതമായ താമസസൗകര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതേ തുടർന്നാണ് പി.ടി.എ വ്യാഴാഴ്ച അടിയന്തരയോഗം ചേർന്നത്. പ്രിൻസിപ്പലിെൻറ ചുമതല വഹിക്കുന്ന കെ. അബൂബക്കർ, പി.ടി.എ സെക്രട്ടറിയും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ പി.പി. ശ്യാമളാദേവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഇതിനുശേഷം കോളജിൽ അഭയംതേടിയ വിദ്യാർഥികളുടെ പ്രതിനിധികളായ വി.എം. അമൽ, ജദിൻ ജോസ് എന്നിവരെ ഹോസ്റ്റലിലേക്ക് മടങ്ങണമെന്ന തീരുമാനം പ്രിൻസിപ്പൽ അറിയിക്കുകയായിരുന്നു. കോളജിലെ ഒരു ക്ലാസ്മുറിയിലും വരാന്തയിലും മറ്റുമാണ് കുട്ടികൾ കഴിയുന്നത്. ബേർക്കയിലെ ഹോസ്റ്റലിലേക്ക് മടങ്ങില്ലെന്നും സുരക്ഷിതമായ താമസസൗകര്യമൊരുക്കാതെ കോളജിൽനിന്ന് പുറത്തുപോകില്ലെന്നും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി താരീഖ് അസീസ് പറഞ്ഞു. ബേർക്കയിലെ ഹോസ്റ്റലിൽ പുറമെനിന്ന് എത്തിയവരാണ് ആയുധങ്ങളുമായി അക്രമം നടത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു. കോളജിൽ തുടർച്ചയായുണ്ടാകുന്ന സംഘർഷം രക്ഷിതാക്കളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. സംഘർഷാവസ്ഥ കാരണം ഇടക്കിടെ കോളജിന് അവധി നൽകുന്നത് പഠനത്തെയും ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.