തലശ്ശേരി: നിർദിഷ്ട ചിറക്കുനി-അണ്ടല്ലൂർക്കാവ്-പറശ്ശിനിക്കടവ് റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്താൻ ഒരുങ്ങുന്നതിനിടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം. കെ.കെ. രാഗേഷ് എം.പിയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 24 കോടി രൂപ വിനിയോഗിച്ചാണ് ചിറക്കുനി, അണ്ടല്ലൂർക്കാവ്, മൂന്നുപെരിയ, ചക്കരക്കല്ല്, കാഞ്ഞിരോട്, മുണ്ടേരിമൊട്ട, ചെക്കിക്കുളം, പള്ളിപ്പറമ്പ്, പെരുമച്ചേരി, പാടിക്കുന്ന് വഴി പറശ്ശിനിക്കടവിലേക്ക് റോഡ് നിർമിക്കുന്നത്. ധർമടം, കണ്ണൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലൂടെ പോവുന്ന റോഡിന് 28 കിലോമിറ്റർ നീളവും പത്തര മീറ്റർ വീതിയും വരും. ഇതിൽ അഞ്ചര മീറ്റർ മെക്കാഡം ടാറിങ് നടത്തും. റോഡിെൻറ ഇരുഭാഗത്തും ഓവുചാലുകളും യാത്രക്കാർക്ക് നടന്നുപോവാനുള്ള സൗകര്യത്തോടെയുമാണ് അഭിവൃദ്ധിപ്പെടുത്തുന്നത്. മൂന്ന് നിയമസഭ മണ്ഡലങ്ങളെ ബന്ധിപ്പിച്ചുള്ള റോഡ് പദ്ധതിക്ക് ഇതിനകം കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെത്തി ചക്കരക്കല്ലിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പിന്നീട് ഉദ്യോഗസ്ഥരെത്തി ചിറക്കുനി-അണ്ടല്ലൂർ റോഡ് വീതികൂട്ടാൻ നടപടി തുടങ്ങിയതോടെയാണ് തർക്കം ഉടലെടുത്തത്. നിലവിലുള്ള റോഡിെൻറ ഇരുഭാഗത്തും മൂന്ന് മീറ്റർ വീതികൂട്ടാനായി സ്ഥലം അളന്ന് അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ റോഡിനായി സ്ഥലം വിട്ടുനൽകിയവരുടെ ഭൂമിയിൽതന്നെയാണ് വീണ്ടും ഏറ്റെടുക്കലിനായി മാർക്ക് ചെയ്തിട്ടുള്ളത്. കോടികൾ മുടക്കി റോഡ് വികസിപ്പിക്കുമ്പോൾ സമീപത്തുള്ളവർ സ്വമേധയാ സഹകരിച്ച് സ്ഥലം വിട്ടുനൽകണമെന്നാണ് സർക്കാറിെൻറ നിലപാട്. എന്നാൽ, റോഡരികിലെ മൂന്നും നാലും സെൻറിൽ വീട് നിർമിച്ച് താമസിക്കുന്ന പലർക്കും ഇപ്പോൾ മുൻഭാഗത്ത് മുറ്റംപോലുമില്ലാത്ത അവസ്ഥയാണ്. വീതികൂട്ടാൻ അധികൃതർ അളന്ന് തിട്ടപ്പെടുത്തിയ ഭാഗം കൂടി നഷ്ടപ്പെടുകയാണെങ്കിൽ നിരവധി വീടുകളുടെ മുൻഭാഗം കൂടി പൊളിച്ചുനീക്കേണ്ടതായി വരും. ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാൻ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ച് ചിറക്കുനി മുതൽ അണ്ടല്ലൂർ റേഷൻ കടവരെയുള്ള വീട്ടുകാർ ജില്ല കലക്ടർക്ക് സങ്കടഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.