തലശ്ശേരി: പൈതൃകനഗരി രാത്രിയായാൽ കൂരിരുട്ടിൽ. കവലകൾ തോറും ഇഷ്ടംപോലെ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും കത്താറില്ലെന്നതാണ് സ്ഥിതി. മുനിസിപ്പൽ ഒാഫിസിനും തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഒാഫിസിനും മുന്നിലുള്ള വിളക്കുകൾ ഒന്നും തന്നെ പ്രകാശിക്കാറില്ല. ബന്ധപ്പെട്ടവരോട് ഇതേക്കുറിച്ചന്വേഷിക്കുേമ്പാൾ കൈമലർത്തുകയാണ് പതിവ്. നഗരത്തിലെ പ്രധാന കവലകളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളുടെ സ്ഥിതിയും ഇതുതന്നെ. കത്തിയാൽ കത്തി. നഗരസഭ കൗൺസിൽ യോഗങ്ങളിൽ പറഞ്ഞുപറഞ്ഞു മടുത്തു എന്നാണ് വാർഡ് അംഗങ്ങളും പരിതപിക്കുന്നത്. പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകൾ തോറും യഥേഷ്ടം വിളക്കുകൾ സ്ഥാപിച്ചുവെന്നല്ലാതെ കേടാവുന്ന വിളക്കുകൾ പ്രകാശിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നതിൽ നഗരസഭാധികൃതർ തികഞ്ഞ അലംഭാവം കാട്ടുകയാണ്. ടൗണിലടക്കം തെരുവുനായ് ശല്യം വ്യാപകമായിട്ടും രാത്രി നഗരം ഇരുട്ടിലാവുന്നത് ജനങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. സ്ത്രീകളും കുട്ടികളും രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഇപ്പോൾ ഭയക്കുകയാണ്. ദേശീയപാതയിലടക്കം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഭൂരിഭാഗം വിളക്കുകളും കണ്ണടച്ചിട്ട് നാളുകളേറേയായി. വാർഡ് സഭകളിലടക്കം പ്രധാനമായി ഉയരുന്ന പരാതി തെരുവു വിളക്കുകൾ കത്താത്തതും നായ്ശല്യവുമാണ്. തെരുവുവിളക്കുകൾ കത്താത്തതിനാൽ നഗരത്തിലെ രാത്രികാല സി.സി.ടി.വി ദൃശ്യങ്ങളും നിലച്ചിരിക്കുകയാണ്. വാഹനങ്ങളിൽ നിന്നുള്ള വെളിച്ചം കൊണ്ടുമാത്രം നഗരത്തിൽ നടക്കുന്നതൊന്നും സി.സി.ടി.വി കാമറയിൽ വ്യക്തമായി പതിയുകയുമില്ല. തലശ്ശേരി പഴയ ബസ്സ്റ്റാൻഡ്, സംഗമം കവല, പുതിയ ബസ്സ്റ്റാൻഡ്, ടൗൺഹാൾ കവല എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളും മാസങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. ഇതുമൂലം സാമൂഹികവിരുദ്ധരും പിടിച്ചുപറിക്കാരും നഗരം വിഹാരകേന്ദ്രമാക്കി മാറ്റുമോ എന്നാണ് നാട്ടുകാരുടെ പേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.