ഇരിട്ടി: ബൈക്കിലെത്തി യുവതിയുടെ മാലപൊട്ടിച്ച് രക്ഷപ്പെടുന്നതിനിടെ പിടിയിലായ പ്രതികളെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു. ശിവപുരം സ്വദേശികളായ റസീന മൻസിലിൽ പി. ബഷീർ (34), സുനൈന മൻസിലിൽ ഒമ്പാൻ അബ്ദുറഹ്മാൻ (38) എന്നിവരാണ് മുഴക്കുന്ന് എസ്.ഐ പി. രാജേഷിെൻറയും സംഘത്തിെൻറയും പിടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴോടെ മുഴക്കുന്ന് കടുക്കാപാലത്ത് വെച്ചായിരുന്നു സംഭവം. ഇരിട്ടിയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ഉഷ എന്ന യുവതി ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകവേ ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വൈകീട്ട് മുതലേ ഈ സംഘം ഈ മേഖലയിൽ കറങ്ങിനടന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് അവസരം ഒത്തുകിട്ടാഞ്ഞതിനെ തുടർന്ന് കടുക്കാപ്പാലത്തേക്ക് വരുകയായിരുന്ന ബസിന് പിറകേ സഞ്ചരിച്ച് കടുക്കാപ്പാലം ബസ് സ്റ്റോപ്പിന് സമീപം മാറിനിന്ന് മാലപൊട്ടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന അബ്ദുറഹ്മാൻ യുവതിയോട് എന്തോ ചോദിക്കുകയും ആ സമയം പിന്നിലിരുന്ന ബഷീർ മാല പൊട്ടിക്കുകയുമായിരുന്നു. യുവതി ബഹളംവെച്ചതിനെ തുടർന്ന് വിവരമറിഞ്ഞ നാട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിച്ചു. ചുവന്ന ഷർട്ടിട്ട തടിച്ച ആളാണ് ബൈക്ക് ഓടിച്ചിരുന്നത് എന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പരിശോധനക്കിറങ്ങിയ പൊലീസ് അതിവേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞിട്ട് പിടികൂടുകയായിരുന്നു. മാല ഇവരിൽനിന്ന് കണ്ടെടുത്തു. മോഷണം നടന്ന് 15 മിനിറ്റിനുള്ളിൽതന്നെ പൊലീസിന് പ്രതികളെ പിടിക്കാനായി. പ്രതികൾക്കെതിരെ സമാനമായ മറ്റ് കേസുകൾ നിലവിൽ ഉണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്. എസ്.ഐ രാജേഷിന് പുറമേ അഡീഷനൽ എസ്.ഐ പി. ജോസഫ്, സീനിയർ സി.പി.ഒ ബിജു വാകേരി, സി.പി.ഒ ശിഹാബുദ്ദീൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.