കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ 12 ഏക്കറിൽ ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കാൻ കൃഷി വകുപ്പ് പദ്ധതി. ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമി അവരിൽ നിന്നും പാട്ടത്തിനെടുത്താണ് സ്വാശ്രയ സംഘത്തിെൻറ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുന്നത്. പട്ടികവർഗ വിഭാഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതോടൊപ്പം പതിച്ചു നൽകിയ ഭൂമിയിൽ കാടുമൂടി കാട്ടുമൃഗ ശല്യം വർധിക്കുന്നത് തടയുന്നതിനുമാണ് പദ്ധതി. ഫാം ഏഴാം ബ്ലോക്കിൽ കാടുമൂടിക്കിടന്ന പ്രദേശം മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് കൃഷിക്ക് പാകപ്പെടുത്തി എടുക്കുന്ന പ്രവൃത്തി ആരംഭിച്ചു. കൃഷി വകുപ്പിെൻറ ജില്ല ക്ലസ്റ്ററിെൻറ നേതൃത്വത്തിൽ ആറളം കൃഷി ഭവൻ മുഖാന്തരമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 15 അംഗങ്ങൾ ചേർന്ന സ്വാശ്രയ സംഘം രൂപവത്കരിച്ചു. നാല് ലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് കൃഷി വകുപ്പ് ഒരു ലക്ഷം രൂപ സബ്സിഡിയായി നൽകും. ബാക്കി തുക ആദിവാസി പുനരധിവാസ മിഷൻ ഫണ്ടിൽ നിന്നും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. എളുപ്പത്തിൽ വിളവും കൂലിയും ലഭിക്കുന്ന പദ്ധതിയിലൂടെ ആദിവാസികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫാമിൽ ആദ്യഘട്ടത്തിൽ ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിലാണ് കൃഷി തുടങ്ങുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും പലരും ഭൂമിയിൽ താമസമാക്കിയിട്ടില്ല. പ്രദേശം മുഴുവൻ കാടുവളർന്ന് വന്യമൃഗങ്ങളുടെ താവളമായി മാറി. കൃഷിനടത്താത്തതും ജനവാസമില്ലാത്ത സ്ഥലങ്ങളിലുമാണ് വന്യമൃഗങ്ങൾ താവളമാക്കി വെച്ചിരിക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കാട് വെട്ടിത്തെളിച്ച് ആദിവാസികളെക്കൊണ്ട് കൃഷിനടത്തിക്കാനുള്ള സംവിധാനമാണ് അധികൃതർ ആലോചിക്കുന്നത്. ഇതിെൻറ തുടക്കമെന്ന നിലയിലാണ് പച്ചക്കറി കൃഷി ആരംഭിക്കാനുള്ള പദ്ധതി. എളുപ്പത്തിൽ വരുമാനം ലഭിക്കുന്ന ചീര, പയർവർഗങ്ങൾ, വെള്ളരി, കക്കിരി, പടവലം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്. പച്ചക്കറി കൃഷിയോടൊപ്പം കശുമാവ് പോലുള്ള കാർഷിക വിളകൾ നട്ടുവളർത്താനും ലക്ഷ്യമിടുന്നു. ആറളം കൃഷി അസി. സി.കെ സുമേഷിെൻറ നേതൃത്വത്തിൽ ആദിവാസികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നുണ്ട്. മികച്ച കൃഷിയിടങ്ങൾ ആദിവാസികളെ നേരിട്ട് കാണിക്കുന്നതിനുള്ള പ്രവൃത്തിയും ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.