താലൂക്ക് വികസനസമിതി യോഗം: തണ്ണീര്‍ത്തട സംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കും

കണ്ണൂര്‍: കേരളത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കാന്‍ കണ്ണൂര്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനം. എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി വ്യാപകമായി കുന്നുകളിടിക്കുന്നതിനും നെല്‍വയലുകളും മറ്റ് ജലസ്രോതസ്സുകളും മണ്ണിട്ട് നികത്തുന്നതിനും ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം ശക്തമായിക്കൊണ്ടിരിക്കുന്നതായി യോഗം വിലയിരുത്തി. രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കണ്ണുവെട്ടിച്ചാണ് ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നത്. തോടുകളും പുഴകളുംവരെ കൈയേറി മണ്ണിട്ടുനികത്തി സ്വന്തം സ്ഥലത്തോടു കൂട്ടിച്ചേര്‍ക്കാനുളള ശ്രമം നടത്തുകയാണ്. ഇത് തടയുന്നതിന് നിലവിലുള്ള നിയമം ശക്തമായരീതിയില്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്‍െറഭാഗമായി 2008 ആഗസ്റ്റിനുശേഷം പരിവര്‍ത്തനം ചെയ്ത, ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട എല്ലാഭൂമികളും കണ്ടത്തെി ഭൂമി പൂര്‍വസ്ഥിതിയിലാക്കിയതിനുശേഷം മാത്രമേ വസ്തു ഉടമസ്ഥരില്‍നിന്ന് ഭൂനികുതി സ്വീകരിക്കുകയുള്ളൂ. തോടുകളും പുഴകളും കൈയേറുകയും മണ്ണിട്ട് നികത്തുകയും ചെയ്തതായി കണ്ടത്തെിയിട്ടുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ കൈയേറ്റം പൂര്‍വസ്ഥിതിയിലാക്കുന്നതുവരെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി മണ്ണിട്ട് നികത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ മണ്ണിടാനുപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം വസ്തു ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തുന്നതിന് നടപടി സ്വീകരിക്കും. 2008ന് ശേഷം പരിവര്‍ത്തനപ്പെടുത്തിയ ഭൂമിയുടെ നികുതി സ്വീകരിക്കുന്നത് ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ തീരുമാനംവരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു. താലൂക്കിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിലവിലെ 112 വാട്ടര്‍ കിയോസ്ക്കുകള്‍ക്കൊപ്പം 5000 ലിറ്ററിന്‍െറ 54 എണ്ണംകൂടി സ്ഥാപിക്കാനും വികസനസമിതി തീരുമാനിച്ചു. ദേശീയ കുടുംബസഹായ പദ്ധതിയുടെ ഭാഗമായി 2004 ഫെബ്രുവരി മുതല്‍ ലഭിക്കാനുള്ള 1.9 കോടി രൂപ ലഭ്യമാക്കുന്നതിന് സര്‍ക്കാറിനെ സമീപിക്കും. താവക്കര ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഖരമാലിന്യം നീക്കംചെയ്യുന്നതിന് കോര്‍പറേഷന്‍ ഉടന്‍ നടപടി സ്വീകരിക്കും. മാലിന്യം നിക്ഷേപിച്ച കെ.കെ ബില്‍ഡേഴ്സിനെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. രാത്രികാലങ്ങളിലും ഒഴിവുദിനങ്ങളിലും അനധികൃതമായി ട്രിപ് മുടക്കുന്ന ബസുകളെ കണ്ടത്തൊന്‍ പരിശോധന കര്‍ശനമാക്കാന്‍ പൊലീസിനും ആര്‍.ടി.ഒക്കും നിര്‍ദേശം നല്‍കി. താലൂക്ക് ഓഫിസിനോടനുബന്ധിച്ച് സൗകര്യങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നതിന് യോഗത്തില്‍ സംസാരിച്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സഹായം വാഗ്ദാനം ചെയ്തു. ജില്ല പഞ്ചായത്തംഗം കെ. മഹിജ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം അന്‍സാരി തില്ലങ്കേരി, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, എം.പിയുടെ പ്രതിനിധി കെ. ഭാസ്കരന്‍, തഹസില്‍ദാര്‍ വി.എം. സജീവന്‍, വികസനസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.