‘ലഹരിവിരുദ്ധ കാവല്‍ക്കൂട്ട’വുമായി പൊലീസ് രംഗത്തിറങ്ങുന്നു

കണ്ണൂര്‍: ലഹരി ഉപയോഗത്തിനെതിരെ സമൂഹ നന്മ ഉണര്‍ത്താന്‍ പൊലീസ് രംഗത്തിറങ്ങുന്നു. പൊതുജന പങ്കാളിത്തത്തോടെ എക്സൈസ് വകുപ്പിന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ലഹരിവിരുദ്ധ കാവല്‍ക്കൂട്ട’വുമായാണ് പൊലീസിന്‍െറ രംഗപ്രവേശം. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാമ്പത്തിക കുഴപ്പങ്ങള്‍ക്കും ഇടയാക്കുന്ന ലഹരി ഉപയോഗത്തിനെതിരെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ജനമൈത്രി പൊലീസിന്‍െറ പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു. ഇതോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കുമായി വ്യാഴാഴ്ച പരിശീലന പരിപാടി നടത്തും. കണ്ണൂര്‍ എ.ആര്‍. ക്യാമ്പ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.വി. സുരേന്ദ്രന്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ്. അശോക് കുമാര്‍, കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.എന്‍. വിശ്വനാഥന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിക്കും. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. സതീഷ് ബാലസുബ്രഹ്മണ്യം, ഇരിട്ടി കൃപ സ്കൂള്‍ ഓഫ് കൗണ്‍സലിങ് ഡയറക്ടര്‍ ടി.ടി. ജോസഫ് തുടങ്ങിയവര്‍ ക്ളാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.