വെള്ളത്തിനായി കാത്തുനിൽക്കുന്ന കണ്ടംകുനിയിലെ കുടുംബങ്ങൾ
മമ്മാക്കുന്ന്: മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കണ്ടംകുനിയിൽ കുടിവെള്ളത്തിനായി വലഞ്ഞ് നിരവധി കുടുംബങ്ങൾ. 12ഓളം കുടുംബങ്ങളാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വലയുന്നത്. ഭക്ഷണം തയാറാക്കണമെങ്കിൽ ദൂരെയുള്ള വീടുകൾ ആശ്രയിക്കണം. തലച്ചുമടായി കലങ്ങളിലും ബക്കറ്റുകൾ തൂക്കിയുമാണ് ഇവർ വെള്ളം കൊണ്ടുവരുന്നത്. രണ്ടാഴ്ച മുമ്പ് തൈവളപ്പിൽ വയലിലൂടെയുള്ള കുടിവെള്ള വിതരണ പെപ്പ് പൊട്ടിയതോടെയാണ് കണ്ടംകുനിയിലെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയത്.
പുഴയോരമാതിനാൽ ഉപ്പുവെള്ളം കയറുന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം വീടുകളിലും കിണറുകളില്ല. വാട്ടർ അതോറിറ്റിയുടെ പെരളശ്ശേരി കുടിവെള്ള പദ്ധതിയിൽനിന്ന് പൈപ്പ് വഴി വീടുകളിലെത്തുന്ന വെള്ളമാണ് ഇവർ ഉപയോഗിക്കുന്നത്. നേരത്തെയും ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. പ്രദേശവാസികൾ മൂന്നു പെരിയയിലെ ഓഫിസിന് മുമ്പിൽ നടത്തിയ ധർണയെ തുടർന്നാണ് താൽക്കാലികമായി പുനഃസ്ഥാപിച്ചത്. പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചാൽ മാത്രമേ ശാശ്വത പരിഹാരമാകൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്. പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭമാരംഭിക്കുമെന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സി. പ്രകാശൻ പറഞ്ഞു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻമാർക്ക് മുമ്പിൽ പലതവണ പരാതി ഉന്നയിച്ചെങ്കിലും പരിഹാരം നീളുകയാണെന്ന് പ്രദേശവാസികളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.